തിരുവല്ല: പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം, കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകള്‍ അടക്കം എട്ടോളം പേര്‍ക്ക് പരിക്കുണ്ട്.
കഴിഞ്ഞ രാത്രി 1.30 ഓടുകൂടിയാണ് സംഭവം. അവസാന വീട് സന്ദര്‍ശിക്കാനൊരുങ്ങുന്നതിനിടെയാണ് ഒരു സംഘം ആക്രമണം നടത്തിയതെന്നാണ് പരാതി. സ്ത്രീകള്‍ക്കും പാസ്റ്റര്‍ അടക്കമുള്ളയാളുകള്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയെന്നാണ് വിവരം. പരിക്കുകള്‍ ഗുരുതരമല്ല.
അതേസമയം വാഹനത്തിന് കടന്നുപോവാന്‍ ആവശ്യമായ സ്ഥലം കൊടുക്കാതിരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും രാഷ്ട്രീയമില്ലെന്നും കൊയ്പുറം പോലീസ് വ്യക്തമാക്കി.
കാരൾ പാടാൻ അനുവദിച്ചില്ല, നക്ഷത്രം തൂക്കിയെറിയുമെന്ന് ഭീഷണി; സുരേഷ് ഗോപി വിളിച്ചിട്ടും സംസാരിക്കാതെ എസ്ഐ
ചാവക്കാട്: പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്നു പരാതി. പള്ളി അങ്കണത്തിൽ രാത്രി ഒൻപതോടെ തുടങ്ങാനിരുന്ന കാരൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ല. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് ചാവക്കാട് എസ്ഐ വിജിത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.
പള്ളി മുറ്റത്തെ വേദിയിലൊരുക്കിയ നക്ഷത്രങ്ങൾ ഉൾപ്പെടെ തൂക്കിയെറിയുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു. സിറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പള്ളിയിൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പൊലീസിന്റെ വിരട്ടൽ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണിൽ വിളിച്ച് കമ്മിറ്റിക്കാർ വിവരം ധരിപ്പിച്ചു. എസ്ഐക്കു ഫോൺ നൽകാൻ സുരേഷ് ഗോപി പറഞ്ഞെങ്കിലും എസ്ഐ സംസാരിക്കാൻ തയാറായില്ലത്രെ.
തുടർന്നു സുരേഷ്ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു. പക്ഷേ കാരൾ ഗാനാലാപനത്തിന് അനുമതി നൽകാൻ പൊലീസ് തയാറായില്ല. പള്ളിയുടെ ചരിത്രത്തിൽ ആദ്യമായാണ് കാരൾ ഗാനം മുടങ്ങുന്നതെന്നും പരാതി നൽകുമെന്നും ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു.





