മലയാളി ഡോക്ടറുടെ നേതൃത്വത്തിൽ സങ്കീർണമായ ശസ്ത്രക്രിയ; വിജയകരം

0
788

സലാല: സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം. ഹോസ്പിറ്റലിലെ ഇഎൻടി വിഭാഗത്തിലെയും ന്യൂറോ സർജറി വിഭാഗത്തിലെയും ശസ്ത്രക്രിയ സംഘമാണ് ഡോ.ആരിഫ് അലി കൊളത്തേക്കാട്ടിന്റെ നേതൃത്വത്തിൽ ഒമാനിൽ തന്നെ അപൂർവ്വമായ ശസ്ത്രക്രിയ നടത്തിയത്.

തലച്ചോറിലെ ദ്രാവകത്തിന്റെ ഉയർന്ന മർദ്ദം മൂലം ഗുരുതരമായ കാഴ്ച വൈകല്യം ബാധിച്ച 16 വയസ്സുള്ള രോഗിക്ക് എൻഡോസ്‌കോപ്പിക് ശസ്ത്രക്രിയയാണ് ആരോഗ്യ വിദഗ്ധരുടെ സംഘം പൂർത്തിയാക്കിയത്. ബാഹ്യ ശസ്ത്രക്രിയാ മുറിവിന്റെ ആവശ്യമില്ലാതെ തലയോട്ടിയുടെ അടിഭാഗത്തുള്ള ഒപ്റ്റിക് നാഡി കനാൽ വിശാലമാക്കുന്നതിന് മൂക്കിലൂടെയുള്ള എൻഡോസ്‌കോപ്പിക് സാങ്കേതികത ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. അപൂർവവും സങ്കീർണവുമായ ശസ്ത്രക്രിയകളിൽ ഒന്നായി  ഈ നേട്ടം കണക്കാക്കപ്പെടുന്നു.

സലാലയിൽ ഇത്തരത്തിലുള്ള ആദ്യത്തേതും ഒമാനിൽ രണ്ടാമത്തേതും മാത്രമാണ്. ഇഎൻടി കൺസൾട്ടന്റായ ഡോ.ആരിഫ് അലി നേരത്തെ മസ്‌കത്ത് സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ ആയിരുന്നു സേവനം ചെയ്തിരുന്നത്. നേരത്തെയും സങ്കീർണമായ ശസ്ത്രക്രിയകൾക്കും ആരോഗ്യ മേഖലയിലെ നൂതനമായ ചികിത്സാ രീതികൾക്കും ഡോ.ആരിഫ് അലി നേതൃത്വം നൽകിയിരുന്നു. ഗ്രന്ഥകാരൻ കൂടിയായ ഡോ.ആരിഫ് അലി കൊളത്തേക്കാട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമ്പാശ്ശേരി ശാഖയുടെ പ്രധാന സംഘാടകൻ കൂടിയാണ്.