അവസരങ്ങളുടെ വാതിൽ തുറന്ന് ദുബായ്

0
1088

ദുബായ്: നിക്ഷേപക അവസരങ്ങൾ ദുബായിൽ – സമൂഹമാധ്യമങ്ങളിൽ പ്രവേശിച്ചാൽ ഉടൻ നിങ്ങളുടെ മുൻപിലെത്തുന്ന പരസ്യം ഇതാണ്. ദുബായിൽ ബിസിനസ് അഥവാ ദുബായിൽ നിക്ഷേപം എന്ന സ്വപ്നവും പേറി നടക്കുന്ന ഓരോരുത്തരും കാണുകയും അവരവർക്ക് പറ്റുന്ന തരത്തിലുള്ള ബിസിനസോ അഥവാ നിക്ഷേപമോ  ചെയ്യുക എന്നത് ഇന്ന് സർവസാധാരണമാണ്.

ദുബായ് ബിസിനസ് / നിക്ഷേപം ചെയ്യാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് ആളുകൾ ബിസിനസിനും നിക്ഷേപത്തിനും വേണ്ടി ദുബായിൽ എത്തുക പതിവാണ്.
റിയൽ എസ്റ്റേറ്റ്
പ്രാഥമിക ഓഹരി വിൽപന (ഐപിഒ) നിക്ഷേപം
കമ്പനികളിൽ ഉള്ള നിക്ഷേപം
ബോണ്ടുകളിലെ നിക്ഷേപം
ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിക്കുന്നത്.

യുഎഇയിൽ ഏറ്റവുമധികം ആളുകൾ നിക്ഷേപം നടത്തുന്നതും ബിസിനസ് നടത്തുന്നതും റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. യുഎഇയിൽ ഏഴ് എമിറേറ്റുകൾ ആണ് ഉള്ളത്. അജ്മാൻ, ഷാർജ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ദുബായ്, ഫുജൈറ, അബുദാബി എന്നിവയാണ് ഈ എമിറേറ്റുകൾ. എല്ലാ എമിറേറ്റുകളിലും യുഎഇയിലുള്ളവർക്കും പുറത്തുള്ളവർക്കും വാങ്ങാൻ സാധിക്കുന്ന രീതിയിൽ ഭൂമി/ഫ്ലാറ്റ്/വില്ലകൾ/ ഷോപ്പിങ് കോംപ്ലക്സ്/ ഫാമുകൾ എന്നിവ ലഭ്യമാണ്.

യുഎഇയിലുള്ള കമ്പനികളിലെ നിക്ഷേപം / പുതിയ കമ്പനികൾ തുടങ്ങുക
യുഎഇയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ രാജ്യത്തുള്ളവരോ പുറത്തുള്ളവരോ നിക്ഷേപം നടത്തുന്ന രീതി. സാധാരണയായി ലോജിസ്റ്റിക് കമ്പനി, അലൂമിനിയം കമ്പനി, ട്രേഡിങ്, സൂപ്പർ മാർക്കറ്റ്/ ഹൈപ്പർമാർക്കറ്റ്, എക്സ്പോർട്ട് ഇംപോർട്ട് കമ്പനി, ഹോട്ടലുകൾ, സ്വർണ വ്യാപാരം, ഓട്ടമൊബീൽ, ഐടി ബിസിനസ്, സർവീസ് ഇൻഡസ്ട്രികളായ ആശുപത്രികൾ, ക്ലിനിക് /ഫാർമസി എന്നിവിടങ്ങളിലാണ് നിക്ഷേപം നടത്താനോ പുതിയത് തുടങ്ങാനോ ആളുകൾ മുന്നോട്ടുവരുന്നത്.

∙പുതിയ നിക്ഷേപകർ അറിയാൻ
പുതുതായി എത്തുന്ന നിക്ഷേപകരെ ദുബായ് സർക്കാർ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നു. ദുബായ് ഗവൺമെന്‍റ് എല്ലാവർക്കും ഒരേ നിയമം നടപ്പിലാക്കുന്നതിന് ലോകത്തിന് തന്നെ മാതൃകയാണ്.

എന്നാലും ചില നിക്ഷേപകർ ചതിയിൽപ്പെടുന്നു. നിക്ഷേപം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുകയോ ഇവിടെ എന്ത് ചെയ്യണമെന്ന് അറിയാതെ ഒളിവിൽ കഴിയുകയോ ചെയ്യുന്നവരുമുണ്ട്. അവർ തിരഞ്ഞെടുക്കുന്ന ബിസിനസ് പങ്കാളികൾ / നിക്ഷേപം നടത്തുന്ന രീതി/ വ്യക്തമായ കരാർ ഉണ്ടാക്കാതെ പണം നിക്ഷേപിക്കുക/ബിസിനസ് പങ്കാളിയെ പണം രേഖകളില്ലാതെ ഏൽപ്പിക്കുക, ബിസിനസ് പങ്കാളിയെ പൂർണമായും വിശ്വസിച്ച് ബിസിനസിന്റെ കണക്കുകൾ നോക്കാതിരിക്കുക, നിയമപരമായി ബിസിനസ് എഗ്രിമെന്‍റ് ഉണ്ടാക്കാതിരിക്കുക ഇതൊക്കെയാണ് പ്രശ്നങ്ങൾക്ക് കാരണം. യുഎഇ നിയമപ്രകാരം നിങ്ങൾ ഒരു കമ്പനിയുടെ പാർട്ണർ ആകുമ്പോൾ കമ്പനിയുടെ ട്രേഡ് ലൈസൻസിലും മെമ്മോറാണ്ടത്തിലും നിയമപരമായി നിങ്ങളുടെ പേരും ഓഹരിയുടെ കണക്കും വരുന്നതായിരിക്കും.