72 വർഷമായിട്ടും ആർക്കും തകർക്കാനായില്ല; ലോകകപ്പ് ചരിത്രത്തിൽ ആ ടീം കുറിച്ച ‘അമാനുഷിക’ റെക്കോർഡ്!

2 Min Read

മെക്സിക്കോ സിറ്റി: ലോകമൊന്നാകെ ഒരൊറ്റ കാൽപ്പന്തിലേക്ക് ചുരുങ്ങാൻ ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. മെക്‌സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിന് ജൂൺ 11-ന് പന്തുരുളും. ജൂലൈ 19 വരെ നീണ്ടുനിൽക്കുന്ന ഈ ഫുട്ബോൾ മാമാങ്കത്തിൽ ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങളാണ് കിരീടത്തിനായി പോരാടുന്നത്.

ഫുട്ബോൾ ലോകം പുതിയ റെക്കോർഡുകൾക്കായി കാത്തിരിക്കുമ്പോൾ, കഴിഞ്ഞ 22 പതിപ്പുകളിലും ആർക്കും തകർക്കാൻ കഴിയാത്ത, നീണ്ട 72 വർഷ പഴക്കമുള്ള ഹംഗറിയുടെ ഒരു അവിശ്വസനീയ റെക്കോർഡാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം എന്ന റെക്കോർഡാണ് ഹംഗറിയുടെ പേരിൽ ഇന്നും മാറ്റമില്ലാതെ തുടരുന്നത്.

1954-ൽ നടന്ന ലോകകപ്പിലാണ് ഹംഗറി എതിരാളികളുടെ വലയിലേക്ക് അടിച്ചുകൂട്ടിയത് 27 ഗോളുകളാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നായിരുന്ന അന്നത്തെ ഹംഗറിയുടെ ഈ റെക്കോർഡിനടുത്തെത്താൻ പിന്നീട് ആർക്കും സാധിച്ചിട്ടില്ല.

അതേ ടൂർണമെന്റിൽ തന്നെ 25 ഗോളുകൾ നേടിയ വെസ്റ്റ് ജർമനിയാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. അഞ്ച് തവണ ലോകകിരീടം ചൂടിയ ബ്രസീലിനോ, നിലവിലെ വമ്പന്മാരായ അർജന്റീനയ്ക്കോ ഫ്രാൻസിനോ പോലും ഈ റെക്കോർഡ് തകർക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമുകൾ:

ഹംഗറി: 27 ഗോളുകൾ (1954)
വെസ്റ്റ് ജർമനി: 25 ഗോളുകൾ (1954)
ഫ്രാൻസ്: 22 ഗോളുകൾ (1958)
ബ്രസീൽ: 22 ഗോളുകൾ (1950)
ബ്രസീൽ: 19 ഗോളുകൾ (1970)
ഗോളൊഴുകിയ ഖത്തർ ലോകകപ്പ്

ഒരു ടീമിന്റെ റെക്കോർഡ് ഹംഗറിയുടെ പേരിലാണെങ്കിൽ, മൊത്തത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പ് എന്ന ഖ്യാതി 2022-ലെ ഖത്തർ ലോകകപ്പിനാണ്. ഖത്തറിന്റെ മണ്ണിൽ ആകെ പിറന്നത് 172 ഗോളുകളാണ്.

1998, 2014 ലോകകപ്പുകളാണ് ഗോളുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. ഈ രണ്ട് പതിപ്പുകളിലും 171 ഗോളുകൾ വീതം പിറന്നിരുന്നു. ഈ മൂന്ന് ടൂർണമെന്റുകളിലും 32 ടീമുകൾ വീതം പങ്കെടുക്കുകയും 64 മത്സരങ്ങൾ നടക്കുകയുമാണ് ചെയ്തത്.

എന്നാൽ ഇത്തവണത്തെ 2026 ലോകകപ്പിൽ ടീമുകളുടെ എണ്ണം 48 ആയി ഉയരുന്നതിനാലും മത്സരങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനാലും ഖത്തർ ലോകകപ്പിലെ 172 ഗോൾ എന്ന റെക്കോർഡ് തകരുമെന്നുറപ്പാണ്. എന്നാൽ ഒരു ടീം മാത്രം നേടുന്ന 27 ഗോൾ എന്ന ഹംഗറിയുടെ വിസ്മയ റെക്കോർഡ് തകർക്കാൻ ഇത്തവണ ഏതെങ്കിലും രാജ്യത്തിന് സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version