പെരമ്പൂർ: ചെന്നൈ പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ കൈകാലുകളും തലയും ഇല്ലാതെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ഭാര്യയും ആൺ സുഹൃത്തും അറസ്റ്റിൽ. വെള്ളിയാഴ്ച രാവിലെ ആണ് പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്കേസിൽ പുരുഷന്റെ കൈകാലുകളും തലയുമില്ലാത്ത ഉടൽ കണ്ടെത്തിയത്.
അസം സ്വദേശി അമീർ അലിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിന്‍റെ ഭാര്യ രോഹിമ, സുഹൃത്ത് അഷറഫ് എന്നിവർ അറസ്റ്റിലായി. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഉറക്കഗുളിക നൽകി മയക്കിയതിന് ശേഷം കൊലപ്പെടുത്തി ശരീരഭാഗങ്ങൾ മുറിച്ച് പലസ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്.
അമീർ അലിയുടെ തല ഉപേക്ഷിച്ചത് ചെങ്കൽപ്പെട്ട് ജില്ലയിലാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. തല കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ അടിവസ്ത്രത്തിലെ ബാർകോഡ് ആണ് അന്വേഷണത്തിൽ നിർണായകം ആയതെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെയാണ് പെരമ്പൂർ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് പോകുന്ന കോണിപ്പടിയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു നീല ട്രോളി ബാഗ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ബാഗിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നിയ യാത്രക്കാർ റെയിൽവേ പൊലീസിനെ വിവരമറിയിച്ചു.
തുടർന്ന് ജി.ആർ.പി സംഘം സ്ഥലത്തെത്തി പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് പുരുഷന്റെ ഉടൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ തലയും കൈകാലുകളും മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ഗവൺമെന്റ് കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അമീർ അലിയുടെ അടിവസ്ത്രത്തിലെ ബാർകോഡ് വെച്ച് ഇത് വാങ്ങിയ കട കണ്ടെത്തിയാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്.
റെയിൽവേ സ്റ്റേഷനിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
