“വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടുകാരെ കാണിപ്പൂ………”- ആഭരണങ്ങൾ കാണിച്ചുള്ള ‘ഹോം ടൂർ’ വീഡിയോ വിനയായി; യൂട്യൂബറുടെ വീട് കൊള്ളയടിച്ചു

1 Min Read

സി.സി.ടി.വി ക്യാമറകളുടെ ദിശ തിരിച്ചുവെച്ച് യുവതിയെയും വീട്ടുകാരെയും മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച

ഭോപ്പാൽ: വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ-വെള്ളി ആഭരണങ്ങളും വീട്ടിലേക്ക് പ്രവേശിക്കാനുള്ള വഴികളുമെല്ലാം വിശദമായി കാണിച്ചുള്ള ‘ഹോം ടൂർ’ വീഡിയോ യൂട്യൂബർക്ക് വിനയായി. വീഡിയോ പോസ്റ്റ് ചെയ്‌തതിനു പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചവർ സ്വർണം-വെള്ളി ആഭരണങ്ങളും പണവും ഉൾപ്പെടെ പത്തുലക്ഷം രൂപയുടെ സാധനങ്ങളുമായി കടന്നു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. സി.സി.ടി.വി ക്യാമറകളുടെ ദിശ തിരിച്ചുവെച്ച് യുവതിയെയും വീട്ടുകാരെയും മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച. വീട്ടിൽ സൂക്ഷിച്ചിരുന്ന എനർജി ഡ്രിങ്കിൻ്റെ ഒരു കാർട്ടണും മോഷ്‌ടാക്കൾ കൊണ്ടുപോയി.

ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവമെന്നു നർവാർ പൊലീസ് പറഞ്ഞു. വീട്ടുമതിലിന് മുകളിലെ സുരക്ഷാ വയറുകൾ മുറിച്ച ശേഷമാണ് മോഷ്‌ടാക്കൾ അകത്ത് കടന്നത്. പിന്നെ വീട്ടിലെ സി.സി.ടി.വി ക്യാമറകളുടെ ദിശ മാറ്റിവെക്കുകയും അലമാരകൾ പൊളിച്ച് ഏകദേശം 1.91 ലക്ഷം രൂപയും സ്വർണ -വെള്ളി ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. മുഖംമറച്ചെത്തിയ മോഷ്‌ടാവ് വടി കൊണ്ട് ക്യാമറ തിരിച്ചുവെയ്ക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു.

പുലർച്ചെ നാലുമണിയോടെയാണ് രചനയും കുടുംബാംഗങ്ങളും മുറി പുറത്തുനിന്ന് പൂട്ടിയിട്ടതായി അറിയുന്നത്. ഇവർ വിവരമറിയിച്ചതനുസരിച്ച് എത്തിയ ബന്ധുക്കളാണ് ഇവരെ മുറിയിൽ നിന്ന് പുറത്തിറക്കിയത്. സാമൂഹികമാധ്യമങ്ങളിൽ ഒരുലക്ഷത്തിലേറെ ഫോളോവേഴ്സുള്ള യൂട്യൂബറാണ് രചന. അടുത്തിടെ വീടും ആഭരണങ്ങളും പണവും ജീവിതശൈലിയുമെല്ലാം വെളിപ്പെടുത്തുന്ന വിഡിയോ ഇവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. വീടിൻ്റെ പ്രവേശന കവാടം മുതൽ എല്ലാ ഭാഗങ്ങളും വിശദീകരിക്കുന്ന വീഡിയോയും ആഭരണങ്ങളും പണവും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്‌തുക്കൾ മേശപ്പുറത്ത് പ്രദർശിപ്പിക്കുന്ന വീഡിയോയുമാണ് ഇവർ പങ്കുവെച്ചത്.

മോഷ്ടാക്കൾ വീട് ലക്ഷ്യമിടാൻ കാരണമായത് രചനയുടെ വീഡിയോകളാണെന്നാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്. പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വീട്ടുകാരെ നേരത്തേ പരിചയമുള്ളവരായിരിക്കാം പ്രതികളെന്ന സംശയവും പൊലീസിനുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version