14 വയസ്സുകാരിക്ക് ഹൃദയാഘാതം?; കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

1 Min Read
  • പ്രാഥമിക വിവരങ്ങൾ പ്രകാരം ഹൃദയാഘാതമാണ് മരണകാരണമായി സംശയിക്കുന്നത്
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ 14 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ജാംനഗർ സ്വദേശിനിയായ ആനന്ദി മോദിയാണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം ഹൃദയാഘാതമാണ് മരണകാരണമായി സംശയിക്കുന്നത്. പുരുഷോത്തമ മാസത്തോടനുബന്ധിച്ചുള്ള പ്രാർത്ഥനകൾക്കായും വേനലവധി ആഘോഷിക്കുന്നതിനുമായാണ് ആനന്ദി രാജ്കോട്ടിലുള്ള തന്റെ അമ്മാവന്റെ വീട്ടിൽ എത്തിയത്. ഞായറാഴ്ച വൈകുന്നേരം കുടുംബത്തോടൊപ്പം ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു കുട്ടി.
ഭക്ഷണം കഴിച്ചതിന് ശേഷം റസ്റ്റോറന്റ് പരിസരത്ത് മറ്റ് കുട്ടികളോടൊപ്പം ആനന്ദി ഓടിക്കളിക്കുകയായിരുന്നു. പരസ്പരം ഓടിച്ചിട്ട് പിടിക്കുന്ന കളിക്കിടെ കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സമീപകാലത്തായി കൗമാരക്കാരിലും യുവാക്കളിലും ഇത്തരത്തിൽ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾ വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഇതിന് മുൻപ് 2024 ഡിസംബറിൽ ഉത്തർപ്രദേശിലെ അലിഗഢിൽ സ്കൂളിലെ കായിക മത്സരത്തിനായുള്ള ഓട്ടത്തിനിടെ 14 വയസ്സുകാരനായ മോഹിത് ചൗധരി എന്ന വിദ്യാർത്ഥിയും സമാനമായ രീതിയിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. 2024 നവംബറിൽ അലിഗഢിലെ തന്നെ അരാന ഗ്രാമത്തിൽ ഓട്ടത്തിനിടെ മമത എന്ന 20 വയസ്സുകാരിയും ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version