രാഷ്ട്രീയ പാർട്ടികൾക്ക് വിജയ്‌യുടെ വക മുട്ടൻപണി, ടാസ്മാക് വഴിയുള്ള അനധികൃത ഫണ്ട് പിരിവിന് പൂട്ട്

2 Min Read

ചെന്നൈ: തമിഴ്നാട്ടിൽ അനധികൃത രാഷ്ട്രീയ ഫണ്ട് പിരിവിന്റെയും കടക്കൽ കത്തിവെച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. ഔദ്യോഗിക മദ്യവിൽപ്പന സ്ഥാപനമായ ടാസ്മാക് (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ)  വഴിയുള്ള അനധികൃത രാഷ്ട്രീയ ഫണ്ട് പിരിവ് പൂർണ്ണമായും തടയാൻ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.

മദ്യവിൽപ്പനയിൽ കൂടി ലഭിക്കുന്ന ഓരോ രൂപയും സംസ്ഥാന ട്രഷറിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഡിഎംകെയുടെ കാലത്ത് ടാസ്മാക് ദുരുപയോഗം ചെയ്തതിനെക്കുറിച്ചുള്ള അന്വേഷണം ഉടൻ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്.

ടാസ്മാകിൽ നിന്ന് അനൗദ്യോഗികമായി വലിയൊരു തുക പാർട്ടി ഫണ്ട് എന്ന പേരിൽ ചോർത്തുന്നതായി മുതിർന്ന ഉദ്യോഗസ്ഥർ മുഖ്യമന്ത്രി ജോസഫ് വിജയിയെ അറിയിച്ചിരുന്നു. പ്രതിമാസം 102 കോടിയിലേറെ രൂപയോളം ഇത്തരത്തിൽ പാർട്ടി ഫണ്ട് എന്ന തരത്തിൽ ടാസ്മാകിൽ നിന്ന് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാന ഖജനാവിൽ നിന്ന് ഇത്തരത്തിൽ 1600 കോടിയോളം രൂപ വകമാറ്റിയിട്ടുണ്ടാകാമെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒരു കേയ്സ് മദ്യത്തിന് ഏകദേശം 90 രൂപ എന്ന നിലയിലായിരുന്നു പാർട്ടി ഫണ്ട് വകമാറ്റിയിരുന്നത്. ഒരു കേയ്സ് ബിയറിന് 40 രൂപയും ഒരു കേയ്സ് വൈനിന് 20 രൂപയും. മന്ത്രിമാരുടേയോ രാഷ്ട്രീയ പാർട്ടികളുടേയും ഫണ്ടിലേക്കായിരുന്ന ഇവ പോയിരുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

ദീർഘകാലമായി തുടർന്ന് വരുന്ന ഇത്തരം അനൗദ്യോഗിക പണപ്പിരിവ് നിർത്തിവെക്കണമെന്നും സംസ്ഥാനത്തുടനീളമുള്ള ടാസ്മാക് ഔട്ട്ലെറ്റുകളിലെ പ്രവർത്തനം സുതാര്യമാക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്ത 4048 ഔട്ട്ലെറ്റുകളാണ് ഉള്ളത്. ടാസ്മാക് പ്രവർത്തനത്തിൽ വിപുലമായ അഴിച്ചു പണിയാണ് സർക്കാർ ലക്ഷ്യംവെക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്തെ 717 ടാസ്മാക് മദ്യശാലകൾ പൂട്ടാൻ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയവയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന ഔട്ട്ലെറ്റുകൾക്കാണ് പൂട്ട് വീണത്. വലിയ രീതിയിലുള്ള സാമ്പത്തിക നേട്ടം ഉണ്ടായിട്ടും പൊതുജനക്ഷേമം കണക്കിലെടുത്ത് സർക്കാർ നടത്തിയ നീക്കം ജനങ്ങൾക്കിടയിലും സ്വീകാര്യത നേടിയിരുന്നു. മദ്യവരുമാനത്തിൽ പ്രതിവർഷം 8000 കോടി രൂപയുടെ കുറവാണ് ഇതുമൂലം സർക്കാരിന് ഉണ്ടാവുക.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version