ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു; അപകടം പുഴയിൽ വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

1 Min Read

കുറ്റ്യാടി (കോഴിക്കോട്): കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു. പാലേരി അണ്ടിക്കുന്നുമ്മൽ തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35), മകൻ ശിവനന്ദ് (8) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുറ്റ്യാടി തോട്ടത്താംകണ്ടി ഭാഗത്ത് പുഴയിൽ തുണി അലക്കാനായി പോയതായിരുന്നു രമ്യയും മകൻ ശിവനന്ദും. ഇതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ രമ്യയും ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. 

നാട്ടുകാർ ഓടിക്കൂടി രമ്യയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. നാദാപുരം, പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള ഫയർഫോഴ്സ് അംഗങ്ങളും നാട്ടുകാരും ചേർന്നു പുഴയിൽ നടത്തിയ തിരച്ചിലിലാണ് രാത്രി എട്ടു മണിയോടെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയത്.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രമ്യ കടിയങ്ങാടിൽ ഫാർമസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version