തലയ്ക്ക് കനത്ത വസ്തു കൊണ്ട് അടിയേറ്റു, ഞരമ്പുകൾ മുറിച്ച നിലയില്‍; പ്രഫസറെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

1 Min Read

ന്യൂഡൽഹ: ഡൽഹി സർവകലാശാലയ്ക്കു കീഴിലെ കോളജിലെ അസിസ്റ്റന്റ് പ്രഫസറെ കിഴക്കൻ ഡൽഹിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശിവാജി കോളജിലെ അധ്യാപികയായിരുന്ന ദേവോസ്മിത പോൾ ആണ് കൊല്ലപ്പെട്ടത്. വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കാണ് അവർ താമസിച്ചിരുന്നത്. ഭർത്താവ് ബെംഗളൂരുവിലാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് 2.35ന് ന്യൂ അശോക് നഗർ പൊലീസ് സ്റ്റേഷനിലാണ് സംഭവത്തെക്കുറിച്ചുള്ള വിവരം എത്തിയത്. ദേവോസ്മിതയെ കാണാൻ സഹോദരി ദേവരതി പോൾ (49) ഫ്ലാറ്റിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇവരാണ് പൊലീസിൽ വിളിച്ച് അറിയിച്ചത്. രാവിലെ മുതൽ ഫ്ലാറ്റ് പുറത്തുനിന്നു പൂട്ടിയിട്ടിരിക്കുകയായിരുന്നു. ദേവോസ്മിത ഫോൺ കോളുകൾ എടുക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ദേവരതി പൂട്ട് തകർത്ത് അകത്തു കയറിയപ്പോൾ സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ ദേവോസ്മിതയുടെ തലയ്ക്ക് കനത്ത വസ്തു കൊണ്ട് അടിയേറ്റതായി പൊലീസ് പറയുന്നു. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. കൈയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എൽബിഎസ് ആശുപത്രിയിലേക്കു മാറ്റി. അതേസമയം, വീട്ടിലെ ആഭരണങ്ങളും പണവും യഥാസ്ഥാനത്തു കണ്ടതിനാൽ കവർച്ചാ ഉദ്ദേശ്യമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതക കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണവും പ്രതിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version