വിമാനയാത്രക്കാര്‍ക്ക് കനത്ത തിരിച്ചടി; എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും എമിറേറ്റ്‌സും സര്‍വിസുകള്‍ വെട്ടിച്ചുരുക്കുന്നു, ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരും

2 Min Read

ദുബൈ: യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും യുദ്ധപ്രതിസന്ധികളും വിമാന ഇന്ധനവില വര്‍ധനവും കാരണം വരാനിരിക്കുന്ന വേനല്‍ക്കാല അവധിക്കാലത്ത് സര്‍വിസുകള്‍ വെട്ടിച്ചുരുക്കാന്‍ മുന്‍നിര എയര്‍ലൈനുകള്‍ നിര്‍ബന്ധിതരാകുന്നു. ഇന്ത്യന്‍ കമ്പനികളായ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നിവയ്ക്ക് പുറമെ പ്രമുഖ ആഗോള വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ലുഫ്താന്‍സ തുടങ്ങിയവയും സര്‍വിസുകളില്‍ വന്‍ കുറവ് വരുത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ലാഭവും തിരക്കും പ്രതീക്ഷിക്കുന്ന സമയത്താണ് വിമാനക്കമ്പനികള്‍ക്ക് ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്. ഇതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധനവിനും വിമാന സര്‍വീസുകളുടെ പുനഃക്രമീകരണത്തിനും സാധ്യതയേറി.

ആഗോളതലത്തില്‍ ഈ വേനല്‍ക്കാല ഷെഡ്യൂളില്‍ നിന്ന് 75,000ത്തിലധികം സര്‍വിസുകളാണ് എയര്‍ലൈനുകള്‍ ഒഴിവാക്കിയത്. യുദ്ധപ്പശ്ചാത്തലത്തില്‍ ആകാശപാതകള്‍ അടച്ചതും വിമാനങ്ങള്‍ക്ക് ചുറ്റിപ്പറക്കേണ്ടി വരുന്നതുമാണ് പ്രധാന പ്രതിസന്ധി. ചില റൂട്ടുകളില്‍ അഞ്ച് മണിക്കൂര്‍ വരെ യാത്രാസമയം നീളുന്നത് വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് ഇരട്ടിയാക്കി. ഗാലന് 4.50 മുതല്‍ 4.90 ഡോളര്‍ വരെയായി വിമാന ഇന്ധനവില ഉയര്‍ന്നിട്ടുണ്ട്.

ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും സര്‍വിസുകള്‍ കുറയ്ക്കുന്നു

അന്താരാഷ്ട്രതലത്തില്‍ അതിവേഗം വളര്‍ച്ച കൈവരിച്ചുകൊണ്ടിരുന്ന ഇന്‍ഡിഗോ, തങ്ങളുടെ യൂറോപ്യന്‍ മോഹങ്ങള്‍ക്ക് താല്‍ക്കാലികമായി ബ്രേക്കിട്ടിരിക്കുകയാണ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ലങ്കാവി, ക്രാബി, ഹോ ചി മിന്‍ സിറ്റി, ഹോങ്കോങ്, ഷാങ്ഹായ്, സീം റീപ്പ് എന്നീ ആറ് അന്താരാഷ്ട്ര റൂട്ടുകളിലെ സര്‍വീസുകള്‍ ഇന്‍ഡിഗോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഓഗസ്റ്റ് 31 മുതല്‍ മാഞ്ചസ്റ്റര്‍ സര്‍വീസും കമ്പനി നിര്‍ത്തും. നോര്‍സ് അറ്റ്‌ലാന്റിക് എയര്‍വേയ്‌സില്‍ നിന്ന് ലീസിനെടുത്ത ബോയിങ് 7879 ഡ്രീംലൈനര്‍ വിമാനം ഇന്‍ഡിഗോ മടക്കിനല്‍കുകയും ചെയ്യും. എങ്കിലും ആഴ്ചയില്‍ 1800ലധികം അന്താരാഷ്ട്ര സര്‍വീസുകള്‍ ഇന്‍ഡിഗോ തുടരും.

എയര്‍ ഇന്ത്യയും തങ്ങളുടെ ശൃംഖല പുനഃക്രമീകരിക്കുകയാണ്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ അന്താരാഷ്ട്ര സര്‍വീസുകളില്‍ 27 ശതമാനവും ആഭ്യന്തര സര്‍വീസുകളില്‍ 22 ശതമാനവും കുറവ് വരുത്താനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളെയാണ് ഇത് ബാധിക്കുക.

എമിറേറ്റ്‌സ് ഷെഡ്യൂളുകളിലും മാറ്റം

മേഖലയിലെ യുദ്ധപ്രതിസന്ധി ഏറ്റവും ശക്തമായ അടിത്തറയുള്ള എമിറേറ്റ്‌സിനെയും ബാധിച്ചിട്ടുണ്ട്. വരും മാസങ്ങളിലെ തങ്ങളുടെ ഫ്‌ലൈറ്റ് ഷെഡ്യൂളില്‍ 16 ശതമാനം വരെ കുറവ് വരുത്താന്‍ എമിറേറ്റ്‌സ് നിര്‍ബന്ധിതരായി. ഇതിലൂടെ ഏതാണ്ട് അഞ്ച് ലക്ഷത്തോളം സീറ്റുകളുടെ കുറവാണ് വിപണിയിലുണ്ടാകുക. വന്‍കിട വിമാനങ്ങളുടെ വിപുലമായ ശേഖരമുള്ളതിനാല്‍ എമിറേറ്റ്‌സിന് പ്രതിസന്ധിയെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് വ്യൂഹം. വരും വര്‍ഷങ്ങളിലേക്കുള്ള ഇന്ധന ലഭ്യത നേരത്തെ തന്നെ ഉറപ്പാക്കിയിട്ടുള്ളതും ഇവര്‍ക്ക് അനുകൂല ഘടകമാണ്.

യാത്രക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ മടിക്കുന്നു

മേഖലയിലെ യുദ്ധ സാഹചര്യം കാരണം വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുകയാണ്. അതേസമയം, യാത്രക്കാരുടെ ആവശ്യകതയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയതായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ പശ്ചിമേഷ്യന്‍ മേഖലയിലെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 46.6 ശതമാനത്തിന്റെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ആഗോള വിമാനയാത്രക്കാരുടെ എണ്ണത്തെയും ബാധിച്ചു.

ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നതും യുദ്ധഭീതിയുമുള്ളതിനാല്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വിദേശയാത്രകള്‍ ഒഴിവാക്കുകയാണ്. നാട്ടിലേക്ക് പോകുന്നതിന് പകരം പലരും പ്രാദേശികമായ ‘സ്റ്റേക്കേഷന്‍’ പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നതായാണ് ട്രാവല്‍ ഏജന്റുമാര്‍ നല്‍കുന്ന വിവരം. വരും മാസങ്ങളില്‍ വിമാന സര്‍വീസുകള്‍ ഇനിയും റദ്ദാക്കപ്പെടാനോ സമയമാറ്റമുണ്ടാകാനോ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version