തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ധവളപത്രത്തിനെതിരെ ബദല്‍ ധവളപത്രം ഇറക്കാന്‍ പ്രതിപക്ഷം. ഇടത് ഭരണകാലത്ത് സാമ്പത്തിക നില തകര്‍ത്തുവെന്ന ഭരണപക്ഷത്തിന്റെ പ്രചാരണങ്ങളുടെ മൂര്‍ച്ച കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ നിയമസഭയില്‍ സമര്‍പ്പിക്കുന്ന ധവളപത്രത്തിലെ ഓരോ കണ്ടെത്തലുകളെയും അക്കമിട്ട് നിരത്തി ഖണ്ഡിക്കാന്‍ ‘ബദല്‍ ധവളപത്രം’ ഇറക്കാനാണ് എല്‍.ഡി.എഫ് തീരുമാനം. മന്ത്രിസഭാ യോഗം അംഗീകരിക്കുന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ഔദ്യോഗിക ധവളപത്രം ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും.
മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖരന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അധികാരത്തിലെത്തിയാല്‍ സാമ്പത്തിക ധവളപത്രം പുറത്തുവിടുമെന്നത് യു.ഡി.എഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഭരണമേറ്റെടുത്ത ശേഷം ധനവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. സര്‍ക്കാര്‍ ധവളപത്രത്തിലെ ഓരോ ഖണ്ഡികയ്ക്കും കൃത്യമായ ബദല്‍ വാദങ്ങളും കണക്കുകളും നിരത്തി ജനങ്ങള്‍ക്ക് മുന്നില്‍ വസ്തുതകള്‍ എത്തിക്കാനാണ് എല്‍.ഡി.എഫ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതോടെ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വലിയ സാമ്പത്തിക-രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വഴിയൊരുങ്ങും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
