ഹസീന കൊലക്കേസ്; കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

1 Min Read

തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലക്കേസ് പ്രതിയായ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയില്‍വേ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയായിരുന്നു മക്കളുടെ മുന്നില്‍വെച്ച് ഹസീനയെ സുരേഷ് കൊലപ്പെടുത്തിയത്. ശേഷം കാറില്‍ കടന്നുകളയുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കി പൊലീസ് നഗരത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനിയിരുന്നില്ല. വൈകുന്നേരം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇയാളുടെ ഫോണ്‍ കിള്ളിപ്പാലത്ത് നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. വഴിയില്‍ കിടന്ന് കണ്ടെത്തിയതെന്നു പറഞ്ഞ് ഒരാള്‍ കടയില്‍ ഏല്‍പ്പിച്ച നിലയിലായിരുന്നു ഫോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് സിസിടിവി കേന്ദ്രങ്ങള്‍ നടത്തിയ പരിശോധനയില്‍ കാര്‍ കരമന കടന്നുപോയതായി വിവരം ലഭിച്ചിരുന്നു. സുരേഷിനായി തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

സുരേഷുമായി പിണങ്ങിപ്പോയ ഹസീന ചൊവ്വാഴ്ചയായിരുന്നു വീട്ടില്‍ തിരിച്ചെത്തിയത്. പൊലീസ് സ്റ്റേഷനില്‍ വെച്ച് പ്രശ്‌നം പരിഹരിച്ച ശേഷമായിരുന്നു വീട്ടിലേക്ക് എത്തിയത്. എന്നാല്‍ സുരേഷ് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് അന്വേഷിച്ച മക്കളാണ് ഹസീനയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. സുരേഷും ഹസീനയും തമ്മില്‍ നേരത്തേ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വീടുവിട്ടുപോയ ഹസീനയ്ക്കെതിരെ സുരേഷ് പൊലീസില്‍ പരാതി നല്‍കുകയും പ്രശ്നപരിഹാരത്തിനായി ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയുമായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ).

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version