തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ഇടതുമുന്നണി പൊട്ടിത്തെറിയുടെ വക്കില്‍. വിട്ടുവീഴ്ചയ്ക്കില്ലെന്നു സി.പി.ഐയും ഭീഷണി വേണ്ടെന്നു സി.പി.എമ്മും കടുത്ത നിലപാടിലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച ചര്‍ച്ചകളില്‍ ഗോവിന്ദനും ബിനോയിയും അവരവരുടെ പാര്‍ട്ടികളില്‍ രൂക്ഷവിമര്‍ശനമാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ, ഉപനേതൃപദവി തര്‍ക്കത്തില്‍ ഇരുവര്‍ക്കും വിട്ടുവീഴ്ച ചെയ്യാനാവാത്ത അവസ്ഥയാണ്. സി.പി.എമ്മിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കു കൈയടിക്കാന്‍ ഇനി തങ്ങളില്ലെന്ന രാഷ്ട്രീയസന്ദേശമാണ് ബിനോയ് വിശ്വം നല്‍കുന്നത്.
ചര്‍ച്ച പരാജയപ്പെട്ടതോടെ നിയമസഭയില്‍ പ്രത്യേക വിഭാഗമായി ഇരിക്കാനുള്ള സാധ്യതയും സി.പി.ഐ. പരിഗണിക്കുന്നുണ്ട്. എല്‍.ഡി.എഫ്. എന്നതിന്റെ അര്‍ത്ഥം സി.പി.എം. മനസിലാക്കണമെന്നാണ് ബിനോയ് വിശ്വത്തിന്റെ താക്കീത്. രണ്ടാം പിണറായി സര്‍ക്കാരില്‍നിന്നു മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കം കടുത്ത പ്രതിഷേധമാര്‍ഗങ്ങള്‍ സി.പി.ഐ. ആലോചിച്ചിരുന്നെങ്കിലും ഒടുവില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകുകയായിരുന്നു. മുന്‍മന്ത്രി കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണമെന്ന സി.പി.ഐയുടെ ആവശ്യത്തിന് സി.പി.എമ്മില്‍ ഒരു വിഭാഗത്തിന്റെ രഹസ്യപിന്തുണയുമുണ്ട്. എന്നാല്‍, സി.പി.എം. നിരയില്‍ രണ്ടാമനായ കെ.എന്‍. ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവാക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് സി.പി.ഐയുടെ ആവശ്യത്തെ ഗോവിന്ദന്‍ ഖണ്ഡിച്ചത്.
വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരിക്കേ, കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ്. എന്നാല്‍, അന്നത്തെ രാഷ്ട്രീയസാഹചര്യമല്ല ഇപ്പോഴെന്നും കക്ഷികളുടെ എണ്ണത്തിലും സ്വാധീനത്തിലുമുണ്ടായ മാറ്റങ്ങള്‍ സി.പി.എം. ഉള്‍ക്കൊള്ളണമെന്നുമാണ് സി.പി.ഐയുടെ മറുവാദം. ചരിത്രം എപ്പോഴും സി.പി.എമ്മിന് അനുകൂലമായി മാത്രം വ്യാഖ്യാനിക്കാനാവില്ലെന്നും അവര്‍ തുറന്നടിക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
