റോഡ് കുറുകെ കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു; ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

1 Min Read

ബർമിങ്ങാം: ബ്രിട്ടനിലെ ബർമിങ്ങാമിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച സംഭവത്തിൽ അനുശോചന പ്രവാഹം. ആസ്റ്റൺ സർവകലാശാലയിലെ വിദ്യാർഥിനിയും ആസ്റ്റൺ സ്റ്റുഡന്റ്സ് യൂണിയന്റെ വനിതാ ഓഫിസറുമായിരുന്ന അനിഷ ചക്രബർത്തി (28) ആണ് അപകടത്തിൽ മരിച്ചത്.

മേയ് 30 ന് പുലർച്ചെയോടെ ബർമിങ്ങാമിലെ ഡാർട്ട്മത്ത് മിഡിൽവേയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അതിവേഗത്തിൽ എത്തിയ വാഹനം ഇടിച്ചാണ് അനിഷയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടവുമായി ബന്ധപ്പെട്ട് 22 കാരനായ യുവാവിനെ വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ ഡ്രൈവിങ്ങാണ് മരണത്തിന് ഇടയാക്കിയെന്നതും മയക്കുമരുന്നിന്റെ സ്വാധീനത്തിൽ വാഹനം ഓടിച്ചെന്നതുമാണ് അന്വേഷണത്തിലെ പ്രധാന ആരോപണങ്ങൾ. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം അനിഷയുടെ നിര്യാണത്തിൽ ആസ്റ്റൺ സ്റ്റുഡന്റ്സ് യൂണിയൻ പുറത്തിറക്കിയ അനുശോചന സന്ദേശം വിദ്യാർഥി സമൂഹത്തെ കൂടുതൽ ദുഃഖത്തിലാഴ്ത്തി. 2024 – 25 അധ്യയന വർഷത്തിൽ വനിതാ ഓഫിസറായി സേവനമനുഷ്ഠിച്ചിരുന്ന അനിഷ വിദ്യാർഥികളുടെ അവകാശങ്ങൾക്കായി ശക്തമായി നിലകൊണ്ടിരുന്ന വ്യക്തിയാണെന്ന് യൂണിയൻ അനുസ്മരിച്ചു.

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയ്ക്ക് മാത്രമല്ല, Aston Student Event Team (ASET)-ലെ സന്നദ്ധ പ്രവർത്തകയായും വെൽഫെയർ കമ്മിറ്റി അംഗമായും അനിഷ സജീവമായിരുന്നു. വിദ്യാർഥികളുടെ ക്ഷേമത്തിനും ക്യാമ്പസ് ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി അനവധി മണിക്കൂറുകളാണ് അവർ ചെലവഴിച്ചതെന്ന് യൂണിയൻ വ്യക്തമാക്കി.

അനിഷയുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി സുഹൃത്തുക്കളും സഹപാഠികളും പാർട്ട്‌ ടൈം ജോലി ചെയ്തിരുന്ന സ്ഥാപനവും ചേർന്ന് ധനശേഖരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഗോഫണ്ട്‌മി (GoFundMe) പ്ലാറ്റ്ഫോം വഴി നടക്കുന്ന ധനശേഖരണത്തിൽ ഇതുവരെ 18,535 പൗണ്ട് സമാഹരിച്ചിട്ടുണ്ട്. 27,000 പൗണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും അനുബന്ധ ചെലവുകൾ വഹിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമാണ് തുക വിനിയോഗിക്കുന്നത്. വിദേശത്ത് ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളുമായി എത്തിയ യുവതിയുടെ അപ്രതീക്ഷിത വേർപാട് ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർഥി സമൂഹത്തിലും വലിയ ദുഃഖമാണ് സൃഷ്ടിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version