കുവൈത്ത്: കുവൈത്ത് വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കുവൈത്തിലെ ഇന്ത്യൻ എംബസി മരണം സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ബന്ധപ്പെട്ടു വരികയാണെന്നും കുവൈത്ത് ഭരണകൂടവുമായി സഹകരിച്ച വേണ്ട പിന്തുണയും സഹായവും കുടുംബത്തിന് ഉറപ്പാക്കുമെന്നും എംബസി എക്സിൽ അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തിലെ നിരവധി സൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായി. അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സർവീസുകൾ നിർത്തിവച്ചു. ലാൻഡ് ചെയ്യാനുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 1 ലക്ഷ്യമിട്ട് നിരവധി ഡ്രോണുകൾ എത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സ്റ്റാഫ് സൗദ് അബ്ദുൽ അസീസ് അൽ-അത്വാൻ പറഞ്ഞു. പരുക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. സായുധ സേന, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിച്ചിരിക്കുകയാണ് കുവൈത്ത്. ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
