മുക്കത്ത് നിന്നും സിനിമാക്കഥയെ വെല്ലുന്ന രീതിയില്‍ കൈവിലങ്ങോടെ മുങ്ങല്‍; അഞ്ച് സംസ്ഥാനങ്ങളില്‍ ട്രെയിന്‍യാത്ര ; ഒടുവില്‍ മയക്കുമരുന്ന് കേസ് പ്രതി പിടിയിലായി

2 Min Read
മുക്കം: പോലീസ് കസ്റ്റഡിയില്‍നിന്ന് വിലങ്ങോടെ ചാടിപ്പോയി അഞ്ച് സംസ്ഥാനങ്ങളില്‍ ഒളിവ് ജീവിതം നയിച്ച ലഹരിക്കടത്ത് കേസ് പ്രതി മുഹമ്മദ് ഹനീഫ ഒടുവില്‍ പത്താംനാള്‍ വീണ്ടും പോലീസിന്റെ വലയിലായി. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ കല്‍ബുര്‍ഗിയില്‍ വെച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ തീവണ്ടിയില്‍ നിന്നാണ് നാടകീയമായി ഇയാളെ അന്വേഷണസംഘം പിടികൂടി. മൂന്ന് കിലോയോളം എം.ഡി.എം.എ.യുമായി നേരത്തെ പിടിയിലായ ഇയാള്‍, തെളിവെടുപ്പിനായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഏപ്രില്‍ 2-ന് 2.8 കിലോഗ്രാം എം.ഡി.എം.എ.യുമായി ഹനീഫയും ബേപ്പൂര്‍ സ്വദേശിനി റെയ്ഹാനത്തും പിടിയിലായിരുന്നു. ഇവരുടെ ഡല്‍ഹി ബന്ധം അന്വേഷിക്കുന്നതിനായി രാജധാനി എക്‌സ്പ്രസില്‍ കൊണ്ടുപോകുന്നതിനിടെ, ഗുജറാത്തിലെ വഡോദര സ്റ്റേഷന് സമീപം വെച്ച് പ്രതി പോലീസിനെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു.
തിരിച്ചറിയാതിരിക്കാന്‍ മുടിമുറിച്ച് രൂപമാറ്റം വരുത്തിയ ഹനീഫ, റെയില്‍വേ ട്രാക്കിലൂടെ നടന്ന് ഹൈവേയിലെത്തി. കൈവിലങ്ങ് തുണികൊണ്ട് മറച്ച്, താന്‍ ആക്രമിക്കപ്പെട്ടതാണെന്ന് ലോറി ഡ്രൈവറെ വിശ്വസിപ്പിച്ച് 500 രൂപയും വാങ്ങി അഹമ്മദാബാദിലേക്ക് കടന്നു. ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലെ സുഹൃത്തിനെ ബന്ധപ്പെട്ട് ഗൂഗിള്‍ പേ വഴി പണം സംഘടിപ്പിച്ച പ്രതി, യാത്രാവിവരങ്ങള്‍ ചോരാതിരിക്കാന്‍ പിന്നീട് പലതവണ ടിക്കറ്റുകള്‍ റദ്ദാക്കി. റൂട്ട് മാറ്റിപ്പിടിക്കുകയും ചെയ്തു. തെലുങ്കാനയിലെ സഹീറാബാദിലെത്തിയ ഇയാള്‍ പോത്തുക്കച്ചവടവുമായി ബന്ധപ്പെട്ട തന്റെ പഴയ സൗഹൃദങ്ങള്‍ ഉപയോഗിച്ച് ഒളിവില്‍ കഴിഞ്ഞു. പോലീസിന്റെ സൈബര്‍ സെല്ലിനെ കബളിപ്പിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് മൊബൈല്‍ ഫോണുകളും മൂന്ന് സിം കാര്‍ഡുകളുമാണ് ഇയാള്‍ മാറിമാറി ഉപയോഗിച്ചത്. സഹീറാബാദില്‍ നിന്ന് ഹൈദരാബാദിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും ഒളിത്താവളങ്ങള്‍ മാറ്റി.
എന്നാല്‍ പ്രതിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം എണ്‍പതോളം പേരുടെ ഫോണ്‍ കോളുകള്‍ നിരന്തരം നിരീക്ഷിച്ച പോലീസ് പ്രതി നാട്ടിലേക്ക് വിളിക്കാന്‍ ഉപയോഗിച്ച പുതിയ നമ്പര്‍ സജീവമാണെന്നും ഇത് ബെംഗളൂരു – ഡല്‍ഹി ട്രെയിന്‍ റൂട്ടില്‍ ഉണ്ടെന്നും കണ്ടെത്തി. ഈ സമയം ഹൈദരാബാദിലുണ്ടായിരുന്ന മുക്കം പോലീസ് സംഘം ഒട്ടും സമയം കളയാതെ കാറില്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗി റെയില്‍വേ സ്റ്റേഷനിലേക്ക് കുതിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ട്രെയിനില്‍ നിന്നും പിടികൂടുകയും ചെയ്തു. പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിന് ഗുജറാത്തിലെ വഡോദര പോലീസ് സ്റ്റേഷനില്‍ ഹനീഫയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിനുശേഷം ഹൈദരാബാദിലെത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ പ്രതിയെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version