-
കുവൈത്ത് വിമാനത്താവളത്തിൽ വൻ നാശനഷ്ടം
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധപ്രതീതി ഉണർത്തി അമേരിക്കയും ഇറാനും തമ്മിൽ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ. പുലർച്ചെ ഇറാൻ്റെ കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് യു.എസ് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ബഹ്റൈനിലും കുവൈത്തിലും ഇറാൻ ഡ്രോണുകളും മിസൈലുകളും വർഷിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് കുവൈത്ത് വാണിജ്യ വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ എണ്ണക്കപ്പലിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കടുത്തത്. അമേരിക്കൻ ആക്രമണത്തിന് പകരമായി യു.എസ്-ഇസ്രായേൽ സഖ്യത്തിൻ്റെ ‘പനായ’എന്ന കപ്പലിന് നേരെ മിസൈൽ തൊടുത്തതായി ഇറാൻ്റെ റവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു.
കുവൈത്ത് വിമാനത്താവളത്തിൽ വൻ നാശനഷ്ടം
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന് നേരെയാണ് ഇറാൻ്റെ ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കെട്ടിടത്തിന് വലിയ തോതിൽ നാശനഷ്‌ടം സംഭവിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും കുവൈറ്റ് പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്‌ദുൽ അസീസ് അൽ-ഉതൈബി അറിയിച്ചു. മരണം ഉള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിമാന സർവീസുകൾ നിർത്തിവച്ചതായും കുവൈത്തിലേക്ക് വരേണ്ട വിമാനങ്ങൾ മറ്റ് ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായും കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ഇറാൻ-യു.എസ് യുദ്ധ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന വിമാനത്താവളം തിങ്കളാഴ്ച്‌ചയാണ് വീണ്ടും തുറന്നത്.
യു.എസ് കമാൻഡ് ആസ്ഥാനങ്ങൾക്ക് നേരെ ആക്രമണം
അമേരിക്കൻ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകിയതായി ഇറാൻ്റെ റവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു. ബഹ്റൈനിലെ യു.എസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെയും, മേഖലയിലെ മറ്റൊരു രാജ്യത്ത് സ്ഥിതി ചെയ്യുന്ന യു.എസ് വ്യോമ-ഹെലികോപ്റ്റർ താവളത്തിന് നേരെയും ഇറാൻ്റെ എയ്‌റോസ്പേസ് ഫോഴ്സ് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.
ഏതൊരു ആക്രമണത്തിനും അതിശക്തമായ മറുപടി നൽകുമെന്ന് ഞങ്ങൾ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഈ തിരിച്ചടി അമേരിക്കയ്ക്ക് ഒരു പാഠമാകണം. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ തകർക്കാൻ ശ്രമിച്ചാൽ അമേരിക്കൻ സൈന്യം അതിന് വലിയ വില നൽകേണ്ടിവരും- ഇറാൻ റവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി.
മിസൈലുകൾ തകർത്തെന്ന് അമേരിക്ക
അതേസമയം, കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ തൊടുത്ത മിസൈലുകൾ ലക്ഷ്യത്തിലെത്തും മുൻപ് തകർത്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. കുവൈത്തിന് നേരെ വന്ന രണ്ട് മിസൈലുകൾ അന്തരീക്ഷത്തിൽ വെച്ച് തകരുകയും ബഹ്റൈന് നേരെ വന്നവ അമേരിക്കൻ-ബഹ്റൈൻ സഖ്യസേന തകർക്കുകയുമായിരുന്നു. ഇറാന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഹോർമുസ് കടലിടുക്കിലെ ക്വേഷം ദ്വീപിലുള്ള ഇറാന്റെ സൈനിക കമ്മ്യൂണിക്കേഷൻ ടവറിന് നേരെ അമേരിക്കയും പ്രത്യാക്രമണം നടത്തിയിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
