ന്യൂഡൽഹി: ഇന്റർനെറ്റിൽ തിരച്ചിലിന് ഉപയോഗിക്കുന്ന കീവേഡിൽ അധാർമികമായി ഇടപെട്ട ഗൂഗിളിന് വൻ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. ബാത്‌റൂം ഫിറ്റിങ് നിർമാതാക്കളായ ഹിൻഡ്‌വെയർ കമ്പനി നൽകിയ ഹർജിയിലാണ് 31,600 ഡോളർ (30 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നൽകാനുള്ള വിധി.
ഗൂഗിളിൽ ‘ഹിൻഡ്‌വെയർ’ എന്ന് ടൈപ്പ് ചെയ്തു തിരയുമ്പോൾ എതിരാളിയായ കമ്പനിയുടെ വെബ്സൈറ്റ് കാണിക്കുന്നതിനെയാണ് ഹിൻഡ്‌വെയർ ചോദ്യം ചെയ്തത്. ‘ഹിൻഡ്‌വെയർ’ എന്ന കീവേഡ് ഉപയോഗിക്കാൻ പരസ്യം എന്ന നിലയിൽ പണം വാങ്ങി എതിരാളിയായ കമ്പനിയെ ഗൂഗിൾ അനുവദിച്ചതാണ് ഇതിനു കാരണം.
കമ്പനിയുടെ പേരുതന്നെ എതിരാളിക്കു കീ വേഡായി ഉപയോഗിക്കാൻ നൽകുന്നത് തെറ്റാണെന്നും ട്രേഡ്മാർക്ക് അവകാശമുള്ളവരുടെ അനുമതിയില്ലാതെയാണ് അത് മറ്റൊരു കമ്പനിക്ക് ഉപയോഗിക്കാൻ അവസരം നൽകിയതെന്നും കോടതി പറഞ്ഞു.
കോടതി വിധി വന്നതോടെ, സമാനമായ അനുഭവം പങ്കുവച്ച് കൂടുതൽ കമ്പനികൾ രംഗത്തെത്തി. ഓഹരി ബ്രോക്കറേജ് സ്ഥാപനമായ സെരോദ പത്തു വർഷമായി ഇതേ പ്രശ്നം നേരിടുന്നുണ്ടെന്നു സ്ഥാപകനായ നിതിൻ കാമത്ത് പറഞ്ഞു. ഈ കോടതിവിധി പ്രശ്നപരിഹാരത്തിനുള്ള നിയമപരമായ വഴി തുറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നിങ്ങൾ മികച്ച ബ്രാൻഡ് സൃഷ്ടിക്കുന്നു. ആ ബ്രാൻഡിനായി തിരയുന്നവരെ ഗൂഗിൾ പണം ഈടാക്കി വഴിതിരിച്ചുവിടുന്നു. ഇതാണ് പലപ്പോഴും സംഭവിക്കുന്നത്. കോടതിവിധി ഇന്ത്യയിലെ ഓൺലൈൻ പരസ്യവിപണിയിൽ വലിയ ചലനമുണ്ടാക്കും’– ഷാദി.കോം സ്ഥാപകൻ അനുപം മിത്തൽ പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
