ബന്ധുവായ പൊലീസുകാരന്‍റെ ട്രാൻസ്ഫർ, ഭാര്യ പിണങ്ങി; വൈറൽ പ്രസംഗം പണിയായെന്ന് കോൺഗ്രസ് നേതാവ് ബി.ആർ.എം ഷെഫീർ

1 Min Read

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ട്രാൻസ്റഫർ ചോദിച്ച ബന്ധുവായ പൊലീസുകാരനോട് നോ പറഞ്ഞെന്ന കോൺഗ്രസ് നേതാവ് ബി.ആര്‍.എം ഷെഫീറിന്‍റെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ വൈറലായ പ്രസംഗം തന്‍റെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കിയെന്നും ഭാര്യ പിണങ്ങിയെന്നും, പക്ഷേ തന്‍റെ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം ഷെഫീർ പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കവേയാണ് ഷെഫീർ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ട്രാന്‍സ്ഫറിന് സഹായം ചോദിച്ച പൊലീസുകാരനായ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവിനോട് നടക്കില്ലെന്ന് തുറന്ന് പറഞ്ഞെന്നായിരുന്നു ഷെഫീറിന്‍റെ പ്രസംഗം.

‘കഴിഞ്ഞ ദിവസം വീട്ടിലിരിക്കുമ്പോൾ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് ട്രാൻസ്ഫറിന് റിക്വസ്റ്റ് ചെയ്തു. കഴിഞ്ഞ പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കൾ ഇദ്ദേഹത്തിന്‍റെ വോട്ട് നമുക്ക് തരാൻ പറയണമെന്ന് പറഞ്ഞിരുന്നു. ബന്ധുവെന്ന നിലയിൽ ഞാൻ നേരിട്ട് വിളിച്ചു, യുഡിഎഫിന്‍റെ ആളിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞു. പക്ഷേ ചെയ്തില്ല. സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം വീടിന്‍റെ കോലായിൽ ഇരിക്കുമ്പോൾ മഴയത്ത് അയാൾ വന്നു. എനിക്ക് സ്ഥലം മാറ്റം വാങ്ങിത്തരണം എന്ന് പറഞ്ഞു. എനിക്ക് മനസില്ലെന്നും വേറെ ആളെ നോക്കാനും ഞാൻ പറഞ്ഞു’- എന്നായിരുന്നു ഷെഫീറിന്‍റെ പ്രതികരണം.

എന്നാൽ വീഡിയോ വൈറലായതോടെ ഭാര്യ പിണങ്ങിയെന്നാണ് ഷെരീഫ് പറയുന്നത്. രണ്ട് ദിവസം ഭാര്യ മിണ്ടാതിരുന്നു. പിന്നീട് പിണക്കം മാറി. ആഭ്യന്തര യോഗമെന്ന് കരുതിയാണ് കുടുംബ കാര്യം സംസാരിച്ചത്. വേദിയിൽ മാധ്യമങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. യഥാർത്ഥ സംഭവങ്ങളാണ് പറഞ്ഞത്. പക്ഷേ മാധ്യമങ്ങളുണ്ടായിരുന്നെങ്കിൽ സ്വകാര്യത മാനിച്ച് പറയില്ലായിരുന്നു. പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുഡിഎഫിന്‍റെ ആളിന് വോട്ട് ചെയ്യണമെന്ന് അന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. പക്ഷേ വോട്ട് ചെയ്തില്ല. ഭരണം കിട്ടിയപ്പോള്‍ സ്ഥലം മാറ്റം വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടു, ഞാന്‍ ചെയ്ത് കൊടുത്തില്ല. ആ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ബി.ആര്‍.എം ഷെഫീര്‍ പറയുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version