ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; നൂറ്റാണ്ട് പഴക്കമുള്ള ബൂഫോ കോട്ട പിടിച്ചെടുത്തു

1 Min Read

ബെയ്‌റൂട്ട്: തെക്കന്‍ ലബനനിലെ ബൂഫോ കോട്ട പിടിച്ചെടുത്ത് ഇസ്രയേല്‍ സൈന്യം. ഹിസ്ബുള്ളയ്‌ക്കെതിരായ ചെറുത്ത് നില്‍പ്പില്‍ വലിയ ഒരു മുന്നേറ്റമാണ് കോട്ട പിടിച്ചടക്കുന്നത് വഴി നടന്നിരിക്കുന്നതെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

2000 ത്തില്‍ അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേല്‍ പിന്മാറിയ ശേഷം ആദ്യമായാണ് ബൂഫോ കൊട്ടാരം പിടിച്ചടക്കുന്നത്. 12ാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട പുരാതന കെട്ടിടമാണ് ബൂഫോ കോട്ട.

ലിറ്റാനി നദിവരെയാണ് ഇസ്രയേല്‍ പിടിച്ചടക്കിയിരുന്നത്. ഇപ്പോള്‍ ഈ അതിര്‍ത്തിയും കഴിഞ്ഞ് ഉള്ളിലേക്ക് പ്രദേശങ്ങള്‍ പിടിച്ചടക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഹിസ്ബുള്ളയുടെ നേതൃത്വത്തിലുള്ള മുഴുവന്‍ പ്രദേശങ്ങളും പിടിച്ചടക്കുമെന്നാണ് നെതന്യാഹു പറഞ്ഞത്.

തെക്കന്‍ ലബനനില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേല്‍ പ്രതിരോധ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുകെ, ഫ്രാന്‍സ്, ജെര്‍മനി എന്നീ രാജ്യങ്ങള്‍ ഇസ്രയേല്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി.

സഹ്‌റാനി നദിക്ക് താഴെയുള്ള ആളുകളോടാണ് ഇസ്രയേല്‍ ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടത്. അടുത്ത ദിവസങ്ങളിലായി രണ്ടാം തവണയാണ് ആളുകളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിക്കുന്നത്.

‘ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് ആരെങ്കിലും ഇപ്പോഴും താമസിക്കുകയോ മറ്റോ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ അവരുടെ ജീവിതമാണ് അപകടത്തിലാക്കുന്നത്,’ എന്നാണ് ഐഡിഎഫ് വക്താവ് പറയുന്നത്.

ഉയര്‍ന്നു വരുന്ന സംഘര്‍ഷാവസ്ഥ ഇസ്രയേലും ഹിസ്ബുള്ളയും അവസാനിപ്പിക്കണമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി അവെറ്റ് കൂപ്പര്‍ പറഞ്ഞു.

ലെബനനിലെ ഇസ്രയേല്‍ സൈനിക നീക്കത്തില്‍ നിരവധി പേരാണ് കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും അടിസ്ഥാന സൗകര്യങ്ങള്‍ പോലും നശിപ്പിക്കപ്പെടുകയും ചെയ്തതെന്ന് കൂപ്പര്‍ എക്‌സില്‍ കുറിച്ചു. ഹിസ്ബുള്ള ഇസ്രയേലിന് മേലുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു.

ലെബനനില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 3370 പേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ അടക്കം 12 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യത്തിന് നേരെ ശക്തമായ ആക്രമണം നടത്തിയെന്നും ഒരു ഡ്രോണ്‍ വെടിവച്ചിട്ടെന്നും ഹിസ്ബുള്ള നേതൃത്വവും അറിയിച്ചിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version