‘എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല, ഞാൻ മരിച്ചിട്ടില്ല’; വ്യാജവാർത്തകൾ തള്ളി ജുവൽ

2 Min Read
  • 2023ലാണ് ജുവൽ മേരിക്ക് തൈറോയ്ഡ് കാൻസർ ആണെന്ന് കണ്ടെത്തുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം താൻ പൂർണ ആരോഗ്യവതിയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെതന്നെ അവർ വെളിപ്പെടുത്തിയിരുന്നു.

തന്നെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളോട് പ്രതികരിച്ച് നടിയും അവതാരകയുമായ ജുവൽ മേരി. കാൻസർ വന്ന് തന്റെ ശബ്ദം നഷ്ടപ്പെട്ടെന്നും അത്യാസന്ന നിലയിലാണെന്നുമുള്ള പ്രചാരണം അവർ തള്ളിക്കളഞ്ഞു. 2023-ലാണ് തനിക്ക് അർബുദം സ്ഥിരീകരിച്ചത്. എന്നാൽ ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. മൂന്നുവർഷങ്ങൾക്കുമുൻപ് ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച കാര്യങ്ങളെടുത്താണ് ഇപ്പോൾ താൻ അത്യാസന്ന നിലയിലാണെന്ന ധ്വനിയോടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ജുവൽ മേരി വിശദീകരിച്ചു.

ജുവൽ മേരിയുടെ വാക്കുകൾ ഇങ്ങനെ:

‘രണ്ടു ദിവസമായി എന്റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ ഒന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വിഡിയോ ഇടുന്നത്. ചത്തിട്ടില്ല മക്കളെ ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി ‘എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല’ എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന് എന്റെ അടിയന്തരത്തിന്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, നമ്മൾ ഫിനിഷ്ഡ് അല്ല.

2023-ൽ എനിക്കുവന്ന കാൻസറിനെക്കുറിച്ച് ഞാൻ പൊതുപരിപാടിയിൽ പറഞ്ഞിരുന്നു. അവിടെ പറഞ്ഞ കാര്യങ്ങൾ എടുത്ത് ഇപ്പോൾ ഞാൻ അങ്ങനെയാണെന്നുള്ള ധ്വനിയോട് കൂടി, തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻസ് കൊടുത്ത് എന്നെ കൊന്നടക്കാൻ വേണ്ടി തയാറെടുത്തുകൊണ്ടിരിക്കുന്ന ഓൺലൈൻ സഹോദരന്മാരോട്, എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല. ഞാൻ മരിച്ചിട്ടില്ല. നല്ല ജീവനോടെ സന്തോഷത്തോടെ ഇവിടെ തന്നെയുണ്ട്. അപ്പോൾ ഇനി ആ വാർത്ത അങ്ങോട്ട് വിട്ടേര്!

എന്നെ സ്നേഹിക്കുന്ന ഒരുപാടുപേർ എനിക്കുവേണ്ടി ടെൻഷൻ അടിക്കുകയും വിളിക്കുകയും, എനിക്ക് എന്തുപറ്റി എന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ഒന്നും പറ്റിയില്ല, ഹാപ്പിയാണ്! അപ്പോൾ നിങ്ങൾ ഹാപ്പി ആയിട്ട് ഇരിക്കുക.’

2023-ലാണ് ജുവൽ മേരിക്ക് തൈറോയ്ഡ് കാൻസർ ആണെന്ന് കണ്ടെത്തുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം താൻ പൂർണ ആരോഗ്യവതിയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെതന്നെ അവർ വെളിപ്പെടുത്തിയിരുന്നു. ഒരു ചെക്കപ്പിന് പോയപ്പോഴാണ് തൈറോയ്ഡ് കാൻസറാണെന്ന സംശയം തോന്നിയത്. പിന്നീട് ചികിത്സ തേടി. ഇപ്പോൾ പൂർണ ആരോഗ്യവതിയാണെന്നും സമാനമായ അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് ഒരു വെളിച്ചമേകാനാണ് ഇപ്പോൾ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും അന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറഞ്ഞിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version