റിയാദ്: സഊദി അറേബ്യയിൽ സ്വകാര്യ മേഖലയിലെ പർച്ചേസിംഗ് (Procurement/Purchasing) തസ്തികകളിൽ സ്വദേശിവൽക്കരണം 70 ശതമാനമായി ഉയർത്തിയുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നു. 2026 മേയ് 31 ഞായറാഴ്ച മുതലാണ് നിയമം നടപ്പിലായതെന്ന് സഊദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പർച്ചേസിംഗ് മേഖലയുമായി ബന്ധപ്പെട്ട തസ്തികകളിൽ മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാകുക.
സഊദി യൂണിഫൈഡ് ക്ലാസിഫിക്കേഷൻ ഓഫ് പ്രൊഫഷൻസ് അംഗീകരിച്ച നിർവചനങ്ങളും തൊഴിൽ നാമങ്ങളും അനുസരിച്ചാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ തൊഴിൽ വിപണി തന്ത്രത്തിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പ്രൊക്യുർമെൻറ് മേഖലയിൽ സ്വദേശികളായ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനുമായി മന്ത്രാലയം നടത്തിവരുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി
പർച്ചേസിംഗ് മേഖലയിലെ താഴെ പറയുന്ന 12 തസ്തികകളെയാണ് ഈ പുതിയ തീരുമാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:
- പർച്ചേസിംഗ് മാനേജർ (Purchasing Manager),
- പർച്ചേസിംഗ് പ്രതിനിധി (Purchasing Representative),
- കോൺട്രാക്ട് മാനേജർ (Contract Manager),
- സ്റ്റോർ കീപ്പർ (Storekeeper),
- ലോജിസ്റ്റിക്സ് സർവീസ് മാനേജർ (Logistics Services Manager),
- വെയർഹൗസ് മാനേജർ (Warehouse Manager), ടെൻഡർ സ്പെഷ്യലിസ്റ്റ് (Tenders Specialist)
- പർച്ചേസിംഗ് സ്പെഷ്യലിസ്റ്റ് (Purchasing Specialist),
- ഇ-കോമേഴ്സ് സ്പെഷ്യലിസ്റ്റ് (E-Commerce Specialist),
- മാർക്കറ്റ് റിസർച്ച് സ്പെഷ്യലിസ്റ്റ് (Market Research Specialist),
- വെയർഹൗസ് സ്പെഷ്യലിസ്റ്റ് (Warehouse Specialist),
- പ്രൈവറ്റ് ബ്രാൻഡ് സപ്ലൈ സ്പെഷ്യലിസ്റ്റ് (Private Brand Supply Specialist)
പുതിയ നിയമം സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രത്യേക പരിശോധനാ സംഘങ്ങൾ ഫീൽഡ് പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. നിർദ്ദിഷ്ട സ്വദേശിവൽക്കരണ അനുപാതം സ്ഥാപനങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് ഈ സംഘം നിരീക്ഷിക്കും.
സ്വദേശി ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ സുരക്ഷിതവും ഉൽപ്പാദനക്ഷമവുമായ തൊഴിൽ അന്തരീക്ഷം ഒരുക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. നിയമം നടപ്പിലാക്കാൻ നൽകിയിരുന്ന ഇളവ് കാലാവധി അവസാനിച്ച സാഹചര്യത്തിൽ, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികളും പിഴയും ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
