ഉംറ സീസണിന്​ തുടക്കം; ‘നുസ്ക്’ വഴിയുള്ള ഉംറ പെർമിറ്റുകളുടെ വിതരണവും ആരംഭിച്ചു

1 Min Read

മക്ക: ഈ വർഷത്തെ വിജയകരമായ ഹജ്ജ് സീസണിന് തൊട്ടുപിന്നാലെ പുതിയ ഉംറ സീസണിനായുള്ള ഒരുക്കം പൂർത്തിയാക്കി സൗദി അറേബ്യ. പുതിയ ഉംറ സീസണി​െൻറ ഭാഗമായുള്ള വിസ വിതരണത്തിന് തുടക്കമിട്ടതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച (ജൂൺ ഒന്ന്) മുതൽ തീർഥാടകർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിച്ചുതുടങ്ങും.

ഇതോടൊപ്പം ഒദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘നുസ്ക്’ വഴിയുള്ള ഉംറ പെർമിറ്റുകളുടെ വിതരണവും ആരംഭിച്ചു. വരും മാസങ്ങളിൽ ലോകത്തി​െൻറ വിവിധ കോണുകളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ ഉംറ നിർവഹിക്കാനായി രാജ്യത്തെത്തുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. തീർഥാടകർക്ക് ആവശ്യമായ യാത്രാ പദ്ധതികളും താമസസൗകര്യങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന തരത്തിലാണ് പുതിയ സീസണി​െൻറ കലണ്ടർ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രധാന തീയതികളും സമയക്രമവും
പുതിയ ഉംറ കലണ്ടർ പ്രകാരം 2027 മാർച്ച് ഒമ്പത് (ശവ്വാൽ ഒന്ന്) വരെ ഈ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിക്കും. വിദേശങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി 2027 മാർച്ച് 23 (ശവ്വാൽ 15) ആണ്. കൂടാതെ, ഉംറ നിർവഹിച്ച ശേഷം തീർഥാടകർക്ക് സൗദി അറേബ്യയിൽ നിന്നും മടങ്ങാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരിക്കുന്നത് 2027 ഏപ്രിൽ ഏഴ് (ശവ്വാൽ 30) ആണ്. കഴിഞ്ഞ റമദാൻ മാസത്തിൽ തന്നെ ഉംറ കമ്പനികളും വിദേശ ഏജൻറുമാരും തമ്മിലുള്ള പ്രാരംഭ കരാറുകൾ ഒപ്പിടുന്നതിനുള്ള അപ്പോയിൻറുമെൻറുകൾ ലഭ്യമാക്കിക്കൊണ്ട് മന്ത്രാലയം ഈ കലണ്ടറിന് ഔദ്യോഗിക രൂപം നൽകിയിരുന്നു.

ഡിജിറ്റൽ സേവനങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും
ഉംറ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും, മക്കയിലെയും മദീനയിലെയും സംവിധാനങ്ങളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനുമായി വിപുലമായ തയ്യാറെടുപ്പുകളാണ് ഇത്തവണ അധികൃതർ നടത്തിയിട്ടുള്ളത്.

ആധുനിക ഡിജിറ്റൽ സംവിധാനങ്ങളെ കോർത്തിണക്കിക്കൊണ്ട് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ മികച്ചൊരു തീർത്ഥാടനാനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം. മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള കൃത്യമായ സമയക്രമങ്ങളും നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പൂർണമായും പാലിക്കാൻ എല്ലാ ഉംറ കമ്പനികളോടും സേവന ദാതാക്കളോടും വിദേശ ഏജൻറ​േമാരോടും ഹജ്ജ്-ഉംറ മന്ത്രാലയം കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version