സ്വകാര്യഭാഗത്ത് ആഴത്തിൽ മുറിവ്, കാലിൽ പൊള്ളലേറ്റ പാടുകൾ; കൊല്ലപ്പെട്ട കുഞ്ഞ് നേരിട്ടത് കൊടുംക്രൂരത

1 Min Read

തിരുവനന്തപുരം: നെടുമങ്ങാട്ട് കൊല്ലപ്പെട്ട ഒന്നര വയസ്സുകാരൻ അർഷിദ് നേരിട്ടത് കൊടുംക്രൂരതയെന്ന് വ്യക്തമാക്കി പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനങ്ങൾ. അർഷിദിന്റെ ജനനേന്ദ്രിയത്തിൽ ആഴത്തിൽ മുറിവുണ്ടെന്നും കാലിൽ പൊള്ളിച്ചതിന്റെ പാടുകളുണ്ടെന്നും കണ്ടെത്തി. രണ്ടാനച്ഛനായ അഷ്‌കർ, അർഷിദിനെ മർദിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അമ്മ അഖിലയും മൊഴി നൽകിയിട്ടുണ്ട്.

കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകനായ അർഷിദ് കഴിഞ്ഞദിവസമാണ് മരിച്ചത്. അഷ്‌കർ ചോറ് കൊടുക്കുന്നതിനിടയിൽ അർഷിദ് ഛർദിച്ചിരുന്നു. ഉടൻ എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഈ സമയത്ത് അമ്മ അഖില, തമിഴ്‌നാട്ടിൽ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. സ്ഥിരമായ മർദനമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിരുന്നു. ആന്തരിക അവയവങ്ങളുടെ രക്തസ്രാവം നേരത്തെ ഉണ്ടായ മർദ്ദനത്തിൽ നിന്നും ഉണ്ടായതെന്നും കണ്ടെത്തിയിരുന്നു.

കുഞ്ഞിന്റെ പിന്നാലെ അഖിലയെയും അഷ്‌കറിനെയും കസ്റ്റഡിയിലെടുക്കുകയും നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

അർഷിദ് മരിച്ചതിന് പിന്നാലെ അഖിലയ്ക്കും അഷ്‌കറിനുമെതിരേ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കുഞ്ഞ് നേരിട്ട ക്രൂരപീഡനങ്ങൾ പുറത്തെത്തിയത്. അഷ്‌കർ കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടെന്നും അഖില കുഞ്ഞിനെ ശ്രദ്ധിക്കാറില്ലെന്നും ബന്ധുക്കൾ പരാതിയിൽ പറഞ്ഞിരുന്നു.

കുട്ടിയുടെ അമ്മയുടെ അമ്മയും കുട്ടിയുടെ ആദ്യ അച്ഛന്റെ അച്ഛനും ചേർന്നാണ് പരാതി നൽകിയിരിക്കുന്നത്. ഒരു മാസം മുമ്പ് അഷ്‌കർ, കുഞ്ഞിന്റെ കൈ ഒടിച്ചതായും കുടുംബത്തിന്റെ പരാതിയിലുണ്ട്. കുട്ടിക്ക് രണ്ടുദിവസം മുമ്പ് മർദനമേറ്റ പാടുകൾ ശരീരത്തിലുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുമുണ്ടായിരുന്നു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version