കൊച്ചി: യുഎസ് പ്രതിരോധ വകുപ്പിന്റെ ആയുധനിർമാണക്കരാർ ലഭിച്ച കമ്പനിയെന്നു വിശ്വസിപ്പിച്ച് വൻ രാജ്യാന്തര നിക്ഷേപത്തട്ടിപ്പ്. നൂറോളം മലയാളികൾ ഉൾപ്പെടെ 500 പേർക്കു നഷ്ടമായത് ആകെ 700 കോടി രൂപ. യുഎസ്–ഇന്ത്യ സർക്കാരുകളുടെ ഔദ്യോഗിക മുദ്രകൾ ഉൾപ്പെടെ ദുരുപയോഗം ചെയ്ത് ‘ഇൻഡോ–യുഎസ് പസിഫിക് പീസ് ട്രീറ്റി’ എന്ന വ്യാജ കരാറും ധാരണാപത്രവും നിർമിച്ചായിരുന്നു തട്ടിപ്പ്.
25 ലക്ഷം രൂപ മുതൽ 5 കോടി രൂപവരെ നഷ്ടപ്പെട്ട മലയാളികളാണു യുഎസിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ തട്ടിപ്പുവിവരങ്ങൾ ശേഖരിച്ചു സിബിഐക്കും ദേശീയ അന്വേഷണ ഏജൻസിക്കും കൈമാറിയത്. കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി.
ന്യൂഡൽഹിയിൽ റജിസ്റ്റർ ചെയ്ത വിപിവിവി ടെക്നോ കൺസ്ട്രക‍്ഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിലായിരുന്നു തട്ടിപ്പ്. യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ആയുധങ്ങളും നാസയ്ക്കു വേണ്ടി രഹസ്യസ്വഭാവമുള്ള കെട്ടിടങ്ങളും നിർമിക്കാൻ 3000 കോടിയുടെ ഉപകരാർ കമ്പനിക്കു ലഭിച്ചെന്നു പ്രചരിപ്പിച്ചു. 25 ലക്ഷത്തിന്റെ ഓഹരിയെടുത്താൽ പദ്ധതിയുടെ ഭാഗമാകാമെന്നു വിശ്വസിപ്പിച്ചു. പദ്ധതി തുടങ്ങുന്ന ദിവസം മുതലുള്ള ലാഭവിഹിതം, ഒരു കോടി നിക്ഷേപിക്കുന്നവർക്കും കുടുംബത്തിനും ആജീവനാന്ത യുഎസ് വീസ, ഗ്രീൻ കാർഡ്, ജോലി എന്നിവയായിരുന്നു വാഗ്ദാനം.
2050 വരെയുള്ള കരാറിന്റെ രേഖകളും കമ്പനി ഓഫിസിൽ യുഎസ്– ഇന്ത്യൻ സേനാ മെഡലുകൾ ധരിച്ചെത്തിയവരുടെ സാന്നിധ്യവും നിക്ഷേപകരെ വലയിലാക്കി. വൻകിട പരസ്യങ്ങളും കരാറിന്റെ വ്യാജവാർത്തകളും കൂടി വന്നതോടെ ഉന്നത ഉദ്യോഗസ്ഥരും അതിസമ്പന്നരും ഉൾപ്പെടെ പണമിറക്കി. 2023 ഓഗസ്റ്റിൽ പണം വാങ്ങിയ കമ്പനി 2024 ഓഗസ്റ്റ് മുതൽ ലാഭവിഹിതം കിട്ടുമെന്നും 2025 ജനുവരിയിൽ യുഎസിലേക്കു കുടിയേറാമെന്നുമാണു ധരിപ്പിച്ചത്. 2026 ജനുവരിയായിട്ടും ഒന്നും നടക്കാതായതോടെയാണു മലയാളി നിക്ഷേപകർ വിവരങ്ങൾ അന്വേഷിച്ചതും തട്ടിപ്പു പുറത്തുവന്നതും.
1.45 കോടി രൂപ നഷ്ടപ്പെട്ടതായി തട്ടിപ്പിനിരയായവരിൽ ഒരാൾ എറണാകുളം ചെങ്ങമനാട് പൊലീസിൽ കഴിഞ്ഞ മാർച്ചിൽ പരാതി നൽകിയതോടെയാണ് റാക്കറ്റിനെക്കുറിച്ച് ആദ്യസൂചന ലഭിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
