മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ വിജയകരമായി സമാപിച്ചു. മക്ക മേഖല ഡെപ്യൂട്ടി അമീറാണ് പ്രഖ്യാപനം നടത്തിയത്. യുദ്ധ സാഹചര്യത്തിലും വിജയകരമായി ഹജ്ജ് സീസൺ പൂർത്തിയാക്കിയതിൽ രാഷ്ട്ര നേതാക്കൾ സഊദിക്ക് അഭിനന്ദനം അറിയിച്ചു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ-ജാബർ അൽ സബാഹ് എന്നിവർ സഊദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനെയും ഈ വർഷത്തെ ഹജ്ജ് സീസണിന്റെ മികച്ച വിജയത്തിനും കൃത്യവും വിശിഷ്ടവുമായ സംഘാടനത്തിനും അഭിനന്ദിച്ചു.
1447 ഹിജ്റ വർഷത്തിലെ സീസണും പൂർത്തിയാക്കി പരിശുദ്ധ ഹജ്ജ് സീസൺ സമാപിക്കുമ്പോൾ വിശ്വാസികൾ അടുത്ത പുണ്യകാലത്തിനായി കാത്തിരിപ്പും തുടങ്ങുകയാണ്. സമീപകാലത്തെ ഏറ്റവും ചൂടേറിയ സീസണാണ് പൂർത്തിയായത്. ഏറ്റവും പ്രാനപ്പെട്ട അറഫാ ദിനത്തിൽ 46 ഡിഗ്രിയായിരുന്നു ചൂട്. മേഖലയിലെ സംഘർഷം കാരണം അധിക സുരക്ഷ ഒരുക്കിയിരുന്നു. വിവിധ സേനാ വിഭാഗങ്ങളിൽ നിന്നായി ഒരു ലക്ഷം അംഗങ്ങളെയാണ് ഇവിടെ വിന്യസിച്ചിരുന്നത്. മക്കാ മഗരത്തിന് കാവലായി നിൽക്കുന്ന എയർ ഡിഫൻസ് സിസ്റ്റവും കണ്ടു. സദാ ജാഗരൂകരായി പോർവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും വിശ്വാസികളെ കാക്കാനായി സജ്ജമായിരുന്നു.
17 ലക്ഷത്തിലധികം ഹാജിമാരെ നിയന്ത്രിച്ചത് എ ഐ സിസ്റ്റം
ഇത്തവണ പതിനേഴ് ലക്ഷത്തിലധികം ഹാജിമാരാണ് ഹജ്ജിനെത്തിയത്. എ ഐ സംവിധാനങ്ങളായിരുന്നു ഇത്തവണ ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്. ബസീർ സിസ്റ്റം വഴി റിയൽ ടൈം ക്രൗഡ് നിരീക്ഷണം നടത്തി. സവാഹിർ സിസ്റ്റം വരാനിടയുള്ള തിരക്കുകൾ മുൻകൂട്ടി കാണിച്ചു. ഉടനടി നടപടിക്ക് തീരുമാനം നിർദേശിച്ചു. ഡിജിറ്റൽ പെർമിറ്റ്, നുസുക് ആപ്പ്, ഡിജിറ്റൽ ടാഗ് എന്നിവ വഴി ട്രാക്കിങ് എളുപ്പമാക്കി. ഗ്രാൻഡ് മോസ്ക്ക്, മിന, മുസ്ദദലിഫ, ജംറകൾ എന്നിവടങ്ങളിലായി ഇരുപതിനായിരത്തോളം എച്ച് ഡി, തെർമൽ ക്യാമറകൾ സ്ഥാപിച്ചു. തിരക്ക് കൂടുമോ എന്നതും വഴി തിരിച്ചു വിടണോ എന്നതും അര മണിക്കൂറോ ഒരു മണിക്കൂർ മുൻപോ മുന്നറിയിപ്പ് ലഭിക്കുമായിരുന്നു. മിനായിലും അറഫയിലും മുസ്ദലിഫയിലും കഅബാ പരിസരത്തും ഒരിടത്തും തിക്കും തിരക്കുമുണ്ടായില്ല. യുദ്ധ സാഹചര്യത്തിലും വിജയകരമായി ഹജ്ജ് സീസൺ പൂർത്തിയാക്കിയതിൽ ഗൾഫ് രാഷ്ട്രങ്ങളുൾപ്പടെ വിവിധ രാഷ്ട്ര മേധാവികൾ സൗദിക്ക് അഭിനന്ദനം അറിയിച്ചു. ഔദ്യോഗികമായി ഹജ്ജ് സീസൺ അവസാനിച്ചതായി പ്രഖ്യാപിക്കപ്പട്ടെങ്കിലും ഹാജിമാർക്ക് വിശുദ്ധ നഗരങ്ങളിൽ ഏതാനും ചടങ്ങുകൾ കൂടി ബാക്കിയുണ്ട്. അത് കഴിഞ്ഞാകും നാട്ടിലേക്ക് മടങ്ങുക.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
