സൂപ്പർമാർക്കറ്റിൽ കവർച്ചാശ്രമം; ഇന്ത്യൻ ജീവനക്കാരി യുഎസിൽ വെടിയേറ്റു മരിച്ചു

1 Min Read
പ്രതീകാത്മക ചിത്രം (Photo - Shutterstock / Prath)

വാഷിങ്ടൻ: യുഎസിലെ വെർജീനിയയിലുള്ള സൂപ്പർമാർക്കറ്റിൽ കവർച്ചാ ശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിയായ ഇന്ത്യൻ വനിത വെടിയേറ്റു മരിച്ചു. മേഘ്നാബെൻ പട്ടേൽ (45) ആണ് കൊല്ലപ്പെട്ടത്. ഇവർ കഴിഞ്ഞ 10 വർഷമായി ഈ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

പൊലീസ് സ്ഥലത്തെത്തി പ്രദേശം വളഞ്ഞ് അന്വേഷണം ആരംഭിച്ചു. അക്രമിയെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മാസ്‌കും ഗ്ലൗസും ധരിച്ച ഒരാൾ സൂപ്പർമാർക്കറ്റിലേക്ക് പ്രവേശിക്കുന്നത് വിഡിയോയിൽ കാണാം. ഇയാൾ മേഘ്നാബെന്നുമായി സംസാരിച്ചു നിൽക്കുന്നതിനിടെ ജാക്കറ്റിനുള്ളിൽനിന്ന് തോക്കെടുത്ത് രണ്ടുതവണ വെടിയുതിർത്തു. അവർ നിലത്തു വീണപ്പോൾ പ്രതി കൗണ്ടറിന് മുകളിലേക്ക് ചാടിക്കയറി ഒരു തവണ കൂടി വെടിവച്ച ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. 

ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലുള്ള ബിജാപുർ മേഖലയിലെ ജന്ത്രാൽ ഗ്രാമ സ്വദേശിയാണ് മേഘ്നാബെൻ പട്ടേൽ എന്ന് വിവിധ മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. ഭർത്താവ് ഉപേന്ദ്രഭായ് പട്ടേൽ, മകൾ നക്ഷി, മകൻ സ്മിത്ത് എന്നിവരടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവരുടെ മാതാപിതാക്കളായ കർസൻഭായിയും കപിലാബെന്നും ജന്ത്രാലിലാണ് താമസിക്കുന്നത്. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version