അബുദാബി/ ദുബായ്: വിമാന ടിക്കറ്റ് നിരക്കു ക്രമാതീതമായി വർധിച്ചതിനാൽ നാട്ടിലേക്കുള്ള യാത്ര താൽക്കാലികമായി വേണ്ടെന്നുവച്ച് പ്രവാസികൾ. ബലിപെരുന്നാളിന് നീണ്ട അവധി ലഭിച്ചിട്ടും (സർക്കാർ ജീവനക്കാർക്ക് 9 ദിവസം) നാട്ടിലേക്കു പോയവർ നാമമാത്രം.
അത്യാവശ്യക്കാർ മാത്രമാണ് യാത്ര ചെയ്യുന്നത്. മധ്യവേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നാട്ടിലേക്കു പോകാനായി മാസങ്ങൾക്ക് മുൻപേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പതിവാണ്. എന്നാൽ റോക്കറ്റുപോലെ ഉയർന്ന നിരക്കു മൂലം ഇത്തവണ ബുക്കിങിലും വൻ കുറവുണ്ടെന്ന് ട്രാവൽ ഏജൻസികൾ സൂചിപ്പിച്ചു.
സംഘർഷത്തെ തുടർന്ന് നിർത്തിവച്ച വിമാന സർവീസുകൾ വിദേശ എയർലൈനുകൾ തുടങ്ങിയെങ്കിലും ഇന്ത്യൻ വിമാന കമ്പനികൾ പൂർണമായും സർവീസ് പുനരാരംഭിക്കാത്തത് നിരക്കു വർധനയ്ക്ക് ആക്കം കൂട്ടി.
യുഎഇയിൽനിന്ന് ഇന്ത്യൻ സെക്ടറിലേക്ക് യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി വിമാന സർവീസ് നിലവിലില്ല.
ഇന്ത്യൻ കമ്പനികൾ ഓരോ സെക്ടറിൽ നിന്നും നാമമാത്ര സർവീസാണ് നടത്തുന്നത്. അതുതന്നെ അപ്രതീക്ഷിതമായി റദ്ദാക്കലും സമയത്തിന് പുറപ്പെടാത്തതും മൂലം പരാതിപ്രളയമാണ്.
യുദ്ധപ്രതിസന്ധികളും വിമാന ഇന്ധന വിലക്കയറ്റവും കാരണം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പോലും ടിക്കറ്റ് നിരക്കുകൾ വളരെ ഉയർന്ന നിലയിലായിരുന്നു. സീസൺ അടുക്കുമ്പോൾ നിരക്കുകൾ കുറഞ്ഞേക്കുമെന്ന പ്രതീക്ഷയിൽ പലരും ബുക്കിങ് നീട്ടിവച്ചുവെങ്കിലും ബലിപെരുന്നാൾ പശ്ചാത്തലത്തിൽ പിന്നെയും 45 ശതമാനം വരെ വർധിച്ചു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും നിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്നും ഓഗസ്റ്റിനു ശേഷമേ കുറയാനിടയുള്ളൂവെന്നും ട്രാവൽ ഏജൻസികൾ സൂചിപ്പിച്ചു.
ദുബായിൽനിന്ന് കൊച്ചിയിലേക്ക് പോകാൻ ഇന്നലെ വൺവേയ്ക്ക് ശരാശരി 2000 ദിർഹം (51000 രൂപ) ആയിരുന്നു ടിക്കറ്റ് നിരക്ക്. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് നാട്ടിലെത്താൻ മാത്രം 2 ലക്ഷത്തിലേറെ രൂപ വേണ്ടിവരും. ഏതാണ്ട് ഇത്രത്തോളം തുക നൽകിയാലേ തിരിച്ച് യുഎഇയിലെത്താനാകൂ. കടം വാങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയിൽ യാത്ര താൽക്കാലികമായി റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു പലരും. കുട്ടികളുടെ സ്കൂൾ പൂട്ടുന്ന വേനലവധിക്കാലത്ത് നാട്ടിലെത്താൻ കഴിഞ്ഞില്ലെങ്കിലും വലിയ സാമ്പത്തിക ബാധ്യത വരുത്തിവക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇവർ.
നാട്ടിൽ പോകാൻ ദിവസങ്ങൾ എണ്ണിക്കഴിഞ്ഞിരുന്ന മക്കളെയും പെരുന്നാളിന് കൂടപ്പിറപ്പുകളെ കാണാൻ കൊതിച്ചിരുന്ന ഭാര്യയെയും അവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ പാടുപെടുകയാണ് പല പ്രവാസി കുടുംബനാഥന്മാരും. ഒരാളുടെ വരുമാനത്തെക്കാൾ വലിയ തുകയാണ് നാലംഗ കുടുംബത്തിന് നാട്ടിൽ പോയിവരാൻ എയർലൈനുകൾ ചോദിക്കുന്നത്.
പാർക്കുകളിലും യുഎഇയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുട്ടികളെ കൊണ്ടുപോയി നാട്ടിൽ പോകാത്തതിന്റെ വിഷമം തീർക്കാനാണ് പലരുടെ ശ്രമം. എങ്കിലും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം വിമാനക്കമ്പനികൾക്ക് കൊള്ള ലാഭമായി നൽകാൻ മനസില്ലാത്തതുകൊണ്ട് മാത്രമാണ് അവധിക്കാലം യുഎഇയിൽ തുടരാൻ നിർബന്ധിതരാകുന്നതെന്ന് പറഞ്ഞവരും കുറവല്ല.
നിലവിൽ യുഎഇയിലെ ഹോട്ടലുകളിൽ കുറഞ്ഞ നിരക്കിൽ താമസം ലഭിക്കുന്നുണ്ട്. കുടുംബത്തെ കൂട്ടി വാരാന്ത്യങ്ങളിൽ വിവിധ എമിറേറ്റുകളിലെ ഹോട്ടലുകളിൽ താമസിക്കാനും കുറഞ്ഞ ചെലവിൽ വിദേശ യാത്രയും ഒരുക്കി കുടുംബത്തിനൊപ്പം ആഘോഷമാക്കാൻ പദ്ധതിയിട്ടവരും കുറവല്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
