കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവ്. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെ നീക്കമാണ് കോടതിയുടെ അപ്രതീക്ഷിത ഉത്തരവിലൂടെ പൊളിഞ്ഞത്. ഇതോടെ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികളെ റിമാൻഡ് ചെയ്യാനുള്ള നടപടി പൊലീസ് ആരംഭിച്ചു.
ഈ മാസം 18 മുതൽ ഷുഹൈബ് വധക്കേസ് വിചാരണ നടക്കുകയായിരുന്നു. അക്രമത്തിൽ പരുക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷൻ പൂർത്തിയാക്കി. പ്രതികളെ ഇവർ തിരിച്ചറിഞ്ഞു. എന്നാൽ പ്രതികളുടെ അഭിഭാഷകർ ക്രോസ് വിസ്താരത്തിനു തയാറായില്ല. ഇന്ന് കോടതിയിൽ ഹാജരായ പ്രതികളുടെ അഭിഭാഷകരായ സുനിൽ മഹേശ്വരൻ പിള്ള, എൻ.ആർ. ഷാനവാസ് എന്നിവർ ക്രോസ് വിസ്താരം നടത്തുന്നില്ലെന്നു കോടതിയെ അറിയിച്ചു. ഒന്ന് മുതൽ മൂന്ന് വരെ പ്രതികളുടെ അഭിഭാഷകനായ പി.വി. ഹരി കോടതിയിൽ എത്തിയില്ലെങ്കിലും ക്രോസ് വിസ്താരത്തിനില്ലെന്നു കോടതിയെ അറിയിച്ചു.
കേസ് നിലവിലെ കോടതിയിൽനിന്നു മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതിൽനിന്ന് അഭിഭാഷകർ വിട്ടുനിന്നത്. അഭിഭാഷകരുടെ തീരുമാനം തന്നെയാണോ പ്രതികൾക്കുമെന്നു കോടതി ചോദിച്ചപ്പോൾ അതെയെന്നു പ്രതികൾ മറുപടി നൽകി. അതേസമയം, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി ഇവരുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ വാദം തുടരട്ടെയെന്നും കോടതി അറിയിച്ചു. മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി റൂബി കെ. ജോസാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ ഉൾപ്പെടെ അലംഭാവം കാണിച്ച് ഏറെ വിവാദം സൃഷ്ടിച്ച കേസാണിത്. 8 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസ് വിചാരണ തുടങ്ങിയത്. പ്രതികളെ സംരക്ഷിക്കുന്നതിന് എൽഡിഎഫ് സർക്കാർ വഴിവിട്ട നീക്കം നടത്തിയതും വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് മട്ടന്നൂർ കീഴൂർ തെരുവിലെ ഉറി എന്ന തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമം തടയാൻ ശ്രമിക്കവെ ഷുഹൈബിന്റെ സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവർക്കും പരുക്കേറ്റിരുന്നു. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി കെ. പത്മനാഭൻ ഹാജരായി.
ആകാശ് തില്ലങ്കേരി (31), റജിൽ രാജ് (32), എ. ജിതിൻ (31), സി.എസ്. ദീപ്ചന്ദ് (33), ടി.കെ. അസ്കർ (34) എന്നിവാരാണ് ഒന്നു മുതൽ അഞ്ച് വരെ പ്രതികൾ. സാജ് നിവാസിൽ കെ. ബൈജു (44), തില്ലങ്കേരി ആലയാട് പുതിയപുരയിൽ പി.പി. അൻവർ സാദത്ത് (31), പാലയോടുമുട്ടിൽ കെ. അഖിൽ (31), തെരൂർ സാജ് നിവാസിൽ കെ. സഞ്ജയ് (29), രജത് നിവാസിൽ കെ. രജത് (30), എളമ്പാറ കമ്മാനം കാട്ടൂർ ഹൗസിൽ കെ.വി. സംഗീത് (30), മട്ടന്നൂർ കിളിയങ്ങാട് മേറ്റടി പുതിയവീട്ടിൽ പി.കെ. അഭിനാഷ് (27) എടയന്നൂർ പാലയോട് തെരൂർ കുട്ടിക്കുന്ന് നിലാവ് ഹൗസിൽ സി. നിജിൽ (35), എളമ്പാറ അഭിനന്ദനം ഹൗസിൽ കെ.പി. പ്രശാന്ത് (56), പാലയോട് തെരൂർ പാലത്താൻകുന്ന് എ.പി. സിനീഷ് (37) മുട്ടിൽ ഹൗസിൽ എ.കെ. സുബീൻ (33), മുഴക്കുന്ന് ഗ്രാമം കേളോത്ത് ഹൗസിൽ വി. പ്രജിത്ത് (34) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
