ലൈംഗിക കുറ്റകൃത്യങ്ങളിൽ കേസ് ഉടൻ റജിസ്റ്റർ ചെയ്യണം, കടുത്ത ശിക്ഷ ഉറപ്പാക്കണം: പോലീസിനോട് വിജയ്

1 Min Read

ചെന്നൈ: ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉടൻ കേസെടുക്കാനും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റവാളികൾക്കു കടുത്ത ശിക്ഷ ഉറപ്പാക്കാനും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പൊലീസിനു നിർദേശം നൽകി.

കോയമ്പത്തൂരിൽ 10 വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി ക്രമസമാധാന സ്ഥിതി അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹീനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കർശനമായി നേരിടണമെന്നും മറ്റുള്ളവർക്കു പാഠമാകുംവിധം കഠിന ശിക്ഷ പ്രതികൾക്ക് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ടിവികെ സർക്കാരിന്റെ ഭരണത്തിൽ ക്രമസമാധാന നില തകർന്നുവെന്ന പ്രതിപക്ഷ വിമർശനം ശക്തമാകുന്നതിനിടെയാണ് അവലോകന യോഗം ചേർന്നത്. കൊലപാതകങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും വർധിക്കുന്നതിൽ പ്രധാന പ്രതിപക്ഷമായ ഡിഎംകെ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ വിചാരണ വേഗത്തിലാക്കാനും മുൻകരുതൽ നടപടികളും ബോധവത്കരണവും ഉറപ്പാക്കാനും അറ്റോർണി ജനറലിനു മുഖ്യമന്ത്രി നിർദേശം നൽകി. ‘‘ലൈംഗികാതിക്രമ കേസുകൾ വേഗത്തിൽ വിചാരണ ചെയ്തു കുറ്റവാളികൾക്കു കടുത്ത ശിക്ഷ നൽകണം. അതു മറ്റുള്ളവർക്കു മുന്നറിയിപ്പാകണം’’ – പ്രസ്താവനയിൽ പറയുന്നു.

കോയമ്പത്തൂർ സൂളൂരിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി ഞായറാഴ്ച ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി വിജയ്, നീതി ഉറപ്പാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ കൊലപാതകം തമിഴ്‌നാട്ടിലുടനീളം ഞെട്ടലും പ്രതിഷേധവും ഉയർത്തിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ശനിയാഴ്ച മുഖ്യമന്ത്രി കർശന നടപടി ഉറപ്പുനൽകിയിരുന്നു.

സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി എം. സായികുമാർ, ആഭ്യന്തര സെക്രട്ടറി കെ. മണിവാസൻ, അഡ്വക്കറ്റ് ജനറൽ വിജയ് നാരായൺ, സാമൂഹികക്ഷേമ – വനിതാ അവകാശ വകുപ്പ് സെക്രട്ടറി മറിയം പല്ലവി ബൽദേവ്, ഡിജിപി സന്ദീപ് റോയ് റാത്തോഡ് തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version