ന്യൂഡൽഹി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകി.
രോഗബാധിത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും അവിടെ താമസിച്ച് യാത്ര ചെയ്യുന്നവർക്കുമായി പ്രത്യേക ഹെൽത്ത് അഡ്വൈസറി പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരിൽ പനി, ഛർദ്ദി, അകാരണമായ രക്തസ്രാവം, തലവേദന, പേശി വേദന, തീവ്രമായ ബലഹീനത, വയറിളക്കം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരോ രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവരോ ഉണ്ടെങ്കിൽ ഇമിഗ്രേഷൻ ക്ലിയറൻസിന് മുൻപായി എയർപോർട്ട് ഹെൽത്ത് ഓഫീസർമാരെ വിവരം അറിയിക്കണം.
ഇന്ത്യയിൽ നിലവിൽ ആർക്കും എബോള സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിമാനത്താവളങ്ങളിലെ പരിശോധന, ലബോറട്ടറികളുടെ സജ്ജീകരണം, ക്വാറന്റൈൻ സംവിധാനങ്ങൾ, നിരീക്ഷണ പ്രോട്ടോക്കോളുകൾ എന്നിവ അധികൃതർ കർശനമാക്കി. എബോള വൈറസിന്റെ പരമാവധി ഇൻകുബേഷൻ കാലയളവ് 21 ദിവസമായതിനാൽ, രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർ നാട്ടിലെത്തിയാലും 21 ദിവസം സ്വയം നിരീക്ഷണത്തിൽ തുടരണമെന്നും നിർദ്ദേശമുണ്ട്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
