കോയമ്പത്തൂർ: സുലൂരിലെ കണ്ണമ്പാളയം തടാകത്തിന് സമീപം 10 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തിക്, മോഹൻ രാജ് എന്നിവരാണ് അറസ്റ്റിലായത്.
സാധനങ്ങൾ വാങ്ങാൻ കടയിലേക്കുപോയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
ഇത്തരം സംഭവങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞു. സംഭവം അങ്ങേയറ്റം ദുഃഖവും ഞെട്ടലും ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയിൽനിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. തുടർന്നാണ് വിജയിന്റെ പ്രതികരണം വന്നത്.
നീതി ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർഥികളും പൊതുജനങ്ങളും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. കേസിലെ അന്വേഷണം വിലയിരുത്തുന്നതിനായി തമിഴ്‌നാട് ഡിജിപി സന്ദീപ് റായ് റാത്തോർ കോയമ്പത്തൂരിലേക്ക് തിരിച്ചു. ടിവികെ സർക്കാരിനെതിരെ ഡിഎംകെ രംഗത്തുവന്നു.
ക്രമസമാധാനനില തകർന്നതായി അവർ ആരോപിച്ചു. തമിഴ്‌നാട് മന്ത്രി എം.എസ്. സമ്പത്ത് ആശുപത്രി സന്ദർശിച്ച് ഇരയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി. സുലൂർ മണ്ഡലത്തിൽ നിന്നു പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടിവികെ എംഎൽഎ എൻ.എം.സുകുമാറും ആശുപത്രിയിലെത്തി കുടുംബത്തെ കണ്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
