101 വോട്ട്; തിരുവഞ്ചൂർ സ്പീക്കർ, അഭിനന്ദിച്ച് മുഖ്യമന്ത്രി

1 Min Read

തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരിച്ചതിനാല്‍ നിയമസഭയില്‍ നടന്ന വോട്ടെടുപ്പിലായിരുന്നു തിരഞ്ഞെടുപ്പ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 101 വോട്ടും എല്‍ഡിഎഫില്‍നിന്നുള്ള എ.സി.മൊയ്തീന് 35 വോട്ടും എന്‍ഡിഎയില്‍നിന്നുള്ള ചാത്തന്നൂര്‍ എംഎല്‍എ ബി.ബി.ഗോപകുമാറിന് മൂന്നു വോട്ടും ലഭിച്ചു. നടപടികള്‍ നിയന്ത്രിച്ച പ്രോടെം സ്പീക്കര്‍ ജി.സുധാകരന്‍ വോട്ട് ചെയ്തില്ല. പേര് വിളിക്കുന്നതിനനുസരിച്ച് അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു പിന്നിലൊരുക്കിയ സ്ഥലത്തുവന്ന് വോട്ടു രേഖപ്പെടുത്തി പെട്ടിയില്‍ ഇടുകയായിരുന്നു. 

138 വര്‍ഷത്തെ പാരമ്പര്യമുള്ള നിയമസഭയില്‍ 25ാമത്തെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. വലിയ സന്തോഷമുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഏറ്റവും നിര്‍ണായകമായ ചുമതലയാണ് പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്നതെന്നും അതില്‍ നൂറു ശതമാനം സംതൃപ്തിയുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തി നിയമസഭയെ വേണ്ടവിധം വിനിയോഗിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.  ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനാണ്. ഭരണപക്ഷത്തുനിന്നു ഷാനിമോള്‍ ഉസ്മാനാണു സ്ഥാനാര്‍ഥി. എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version