ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു; ഒഴിവായത് വൻ ദുരന്തം

1 Min Read

ബെംഗളൂരു: ന്യൂഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് വന്ന എയർ ഇന്ത്യ വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വാൽ ഭാഗം റൺവേയിലിടിച്ച് (tailstrike) അപകടം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ലാൻഡിംഗിനിടെ അപ്രതീക്ഷിതമായി വിമാനത്തിന്റെ വാൽ ഭാഗം റൺവേയിൽ ഇടിക്കുകയായിരുന്നു.

അപകടം നടന്നയുടൻ തന്നെ വിമാനം സുരക്ഷിതമായി നിർത്താനും യാത്രക്കാരെയും ജീവനക്കാരെയും സാധാരണ രീതിയിൽ പുറത്തിറക്കാനും സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണമായും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ എഐ 2651 എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. മേയ് 21 ന് ലാൻഡ് ചെയ്യുന്നതിനിടെയാണ് വിമാനത്തിന് ടെയിൽ സ്ട്രൈക്ക് സംഭവിച്ചതെന്ന് എയർ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു.

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാരും ക്രൂ അംഗങ്ങളും സാധാരണ നിലയിൽ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ഈ വിമാനം വിശദമായ പരിശോധനകൾക്കായി വിമാനത്താവളത്തിൽ തന്നെ ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്.

വ്യോമയാന മേഖലയിലെ നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഗുലേറ്ററി അതോറിറ്റികളുമായി സഹകരിച്ച് കൃത്യമായ നടപടിക്രമങ്ങളിലൂടെയായിരിക്കും അന്വേഷണം പൂർത്തിയാക്കുകയെന്ന് എയർ ഇന്ത്യ അറിയിച്ചു. അപകടത്തെ തുടർന്ന് ഈ വിമാനം ഉപയോഗിച്ച് ബെംഗളൂരുവിൽ നിന്നും ഡൽഹിയിലേക്ക് നടത്താനിരുന്ന മടക്ക സർവീസ് (എഐ 2652) എയർലൈൻ റദ്ദാക്കി.

മടക്കയാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് എയർ ഇന്ത്യ ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്. ബെംഗളൂരുവിലെ ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങൾ യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും എയർ ഇന്ത്യ വക്താവ് കൂട്ടിച്ചേർത്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version