മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

1 Min Read
പ്രതീകാത്മക ചിത്രം (Photo: IANS)

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ മദ്യപാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി കോളനിയിലെ ഷിജി (36) യ്ക്കാണ് വെട്ടേറ്റത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ബിജുവിനായി താമരശ്ശേരി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.

വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വാക്കത്തി കൊണ്ടുള്ള അടിയേറ്റ ഷിജിയുടെ തലയ്ക്ക് ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്.

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ക്രൂരമായ ആക്രമണം

സ്ഥിരമായി ജോലിക്ക് പോകാതെ മദ്യപിച്ച് വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കുന്നത് ബിജുവിന്റെ പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസവും ഇയാൾ മദ്യപിച്ചെത്തി വീട്ടിൽ വലിയ രീതിയിൽ ബഹളം വെച്ചിരുന്നു.

ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ ഷിജി ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം. വീട്ടിൽ മദ്യലഹരിയിലായിരുന്ന ബിജുവിനോട് സ്ഥിരമായി മദ്യപിക്കുന്നത് ഷിജി ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതനായ ബിജു വീട്ടിലിരുന്ന വാക്കത്തിയെടുത്ത് ഷിജിയെ ക്രൂരമായി വെട്ടുകയായിരുന്നു.

യുവതി മെഡിക്കൽ കോളേജിൽ; പ്രതിക്കായി തെരച്ചിൽ

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന നിലയിലായ ഷിജിയെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഷിജിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തിന് പിന്നാലെ പ്രതി ബിജു സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ കോളനിയിലെ സ്ഥിരം പ്രശ്നക്കാരനാണെന്ന് താമരശ്ശേരി പൊലിസ് പറഞ്ഞു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഷിജിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്നും, ബിജുവിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്നും പൊലിസ് വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version