ചർച്ചകൾ പൂർത്തിയായി; വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് പട്ടിക ഇന്ന്

2 Min Read

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിലെ വകുപ്പുകൾ തീരുമാനിച്ചുള്ള മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്നുണ്ടാകും. ചർച്ചകളിലൂടെ ഗതാഗതം, സഹകരണം, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളിലുണ്ടായിരുന്ന അനിശ്ചിതത്വം അവസാനിച്ചു. ചർച്ചകൾ പൂർത്തിയാക്കിയതോടെ അന്തിമപട്ടിക ഇന്ന് ലോക്‌ഭവന് സമർപ്പിക്കും. പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

സ്ഥാനാർഥി നിർണയം, മുഖ്യമന്ത്രി ചർച്ച , മന്ത്രിമാരെ തീരുമാനിക്കൽ എന്നിവയിൽ കോൺഗ്രസിലുണ്ടായ പ്രതിസന്ധി വകുപ്പ് വിഭജനത്തിലും തുടർന്നിരുന്നു. സത്യപ്രതിജ്ഞ പൂർത്തിയായി 24 മണിക്കൂറിലധികം കഴിഞ്ഞിട്ടും ചില വകുപ്പുകളിൽ തീരുമാനം ആയിരുന്നില്ല. കോൺഗ്രസും മുസ്ലീം ലീഗും ഉന്നതവിദ്യാഭ്യാസം, ഫിഷറീസ് വകുപ്പുകളിൽ തുടരുന്ന അവകാശ വാദമാണ് ആദ്യത്തെ കീറാമുട്ടി ആയത്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ഒരു മന്ത്രിക്കായിരുന്നു. പിണറായി വിജയൻ സർക്കാരിൽ രണ്ട് വകുപ്പായി.

വി.ഡി. സതീശൻ സർക്കാരിൽ ഉന്നത വിദ്യാഭ്യാസം കോൺഗ്രസിനെങ്കിൽ ഫിഷറീസ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടു. നൽകാൻ കോൺഗ്രസ് തയ്യാറായതുമാണ്. എന്നാൽ കോൺഗ്രസിൽ നിന്ന് ലത്തീൻ സഭയെ പ്രതിനിധീകരിച്ച് മന്ത്രിയില്ലാത്തതിൻ്റെ അമർഷത്തിൽ നിന്ന സഭ, വകുപ്പ് കൂടി നൽകുന്നതിൽ എതിർപ്പറിയിച്ചു. എന്നാൽ ഫിഷറീസ് വകുപ്പ് ലീഗിന് തന്നെ എന്നാണ് വിവരം.

ഉന്നത വിദ്യാഭ്യാസം ഇല്ലാതെ ഫിഷറീസ് നൽകേണ്ടതില്ല എന്നാണ് ലീഗ് തീരുമാനിച്ചത്. ഗതാഗത വകുപ്പ് മാറ്റി സഹകരണം നൽകണമെന്നാണ് സി.പി. ജോണിൻ്റെ ആവശ്യം. ഉന്നത വിദ്യാഭ്യാസവും, വിദ്യാഭ്യാസവും വേണമെന്ന് ക്രൈസ്തവ സഭകൾ നിലപാട് എടുത്തിരുന്നു.

എക്സൈസിന് പുറമെ അധികവകുപ്പ് ചോദിച്ച എം. ലിജുവിന് സഹകരണം നൽകാനായിരുന്നു ആലോചന. കൃഷിക്ക് പുറമെ മറ്റൊരു വകുപ്പ് ടി സിദ്ദിഖും ആവശ്യപ്പെട്ടിരുന്നു. ഈ ചർച്ചകളാണ് അന്തിമ പട്ടിക വൈകിപ്പിക്കുന്നത്. പ്രോടെം സ്പീക്കറായി ജി. സുധാകരൻ ഇന്ന് രാവിലെ ഒമ്പതരക്ക് ലോക്ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. അതിന് മുമ്പ് വകുപ്പുകളടങ്ങിയ മന്ത്രിമാരുടെ പട്ടിക നൽകാനാണ് തിരക്കിട്ട ചർച്ചകൾ തുടരുന്നത്.

എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 9 മണിക്ക് നിയമസഭാ മന്ദിരത്തിൽ നടക്കും. വെള്ളിയാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫ് സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഈ മാസം 29ന് നടക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version