സ്വാച്ച് വാച്ച് സഊദിയിലും ട്രെൻഡിങ്; വാച്ച് വാങ്ങാൻ രാവിലെ മുതൽ തന്നെ വരിനിന്ന് സഊദികൾ, നിന്ന് നിന്ന് ക്ഷീണം മൂലം നിലത്തുറങ്ങിയും കാത്തിരിപ്പ്; വൈറലായി വീഡിയോ

3 Min Read

റിയാദ്: സ്വിസ് വാച്ച് നിർമാതാക്കളായ ‘സ്വാച്ച്’ ലക്ഷ്വറി ബ്രാൻഡായ ഒഡെമാർ പിഗെയുമായി (എപി) ചേർന്ന് പുറത്തിറക്കിയ പുതിയൊരു ലിമിറ്റഡ് എഡിഷൻ പോക്കറ്റ് വാച്ചാണ് ഇപ്പോഴത്തെ സംസാര വിഷയം. ന്യൂജൻ ട്രെൻഡിങ് ആയ സ്വാച്ച് വാച്ച് സഊദിയിലും ഉണ്ടാക്കിയത് വൻ ഓളം. റിയാദിലെ സ്വാച്ചിന്റെ ശാഖയ്ക്ക് മുന്നിൽ ലിമിറ്റഡ് എഡിഷൻ എപി എക്സ് വാച്ച് വാങ്ങാൻ വലിയ ജനക്കൂട്ടമാണ് എത്തിയത്. വാച്ച് വാങ്ങാൻ രാവിലെ മുതൽ തന്നെയെത്തി വരിനിന്ന് സ്വദേശികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളി വൈറലായി. വരി നിന്ന് നിന്ന് ക്ഷീണം മൂലം നിലത്തുറങ്ങിയും കാത്തിരിപ്പ് നടത്തിയതോടെ വീഡിയോ വാച്ചിന്റെ പ്രത്യേകത തേടി നെറ്റിലും ആളുകൾ കയറിയിറങ്ങി.

പ്രധാന ഇടനാഴിയിൽ നീണ്ടുകിടക്കുന്ന ഒരു നീണ്ട, ക്രമീകൃതമായ ക്യൂ, ഇടനാഴികളിലും കടയുടെ ചുറ്റുമുള്ള പ്രദേശങ്ങളിലും നിലത്ത് കിടക്കുന്ന നിരവധി ആളുകൾ, വരിയിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്നതായി കാണിക്കുന്നവീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. രാവിലെ 10:00 മണിക്ക് വാച്ച് പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്, നിരവധി ആളുകൾ അവരുടെ സ്ഥലങ്ങൾ ഉറപ്പാക്കാൻ മണിക്കൂറുകളോളം കടയിൽ കാത്ത് കിടന്നത്. ഇതിന്റെ ഔദ്യോഗിക വില 1,700 റിയാലാണെന്ന് പറയപ്പെടുന്നു, അതേസമയം കരിഞ്ചന്തയിൽ അതിന്റെ വില 20,000 റിയാലിലെത്തുന്നുണ്ട്.

വിദേശത്തും വൻ ട്രെൻഡിങ്, ലാത്തി ചാർജ്

ആദ്യദിനംതന്നെ വാച്ചു വാങ്ങാൻ ഉപഭോക്‌താക്കൾ തിരക്കിട്ടപ്പോൾ ഇന്ത്യയിലടക്കം സ്‌റ്റോറുകൾ അടച്ചിടേണ്ടി വന്നു. പാരിസ് പോലുള്ള സ്ഥലങ്ങളിൽ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചാണു തിരക്ക് നിയന്ത്രിച്ചത്. സ്വാച്ച്- എപി കൂട്ടുകെട്ടിൽ പിറന്ന ‘റോയൽ പോപ്പ്’ കലക്ഷൻ വാച്ചുകളാണ് ഇത്രയും ‘കുഴപ്പക്കാരനായി’ മാറിയത്. പുതുതലമുറയ്ക്കിടയിൽ ട്രെൻഡായ ‘ഡ്രോപ് കൾചർ’ എന്ന മാർക്കറ്റിങ് തന്ത്രമാണ് ഇവിടെ ബ്രാൻഡുകൾ ഉപയോഗിച്ചത്. ലോകത്തിലെ വിവിധ ഭാഗങ്ങളിലെ തിരഞ്ഞെടുത്ത സ്‌റ്റോറുകളിൽ മേയ് 16ന് ശനിയാഴ്ചയാണ് റോയൽ പോപ്പ് വാച്ചുകൾ വിൽപനയ്ക്കെത്തിയത്. സാധാരണ 25 ലക്ഷം രൂപ വരെ വിലവരുന്ന എപി വാച്ചുകൾ 400 ഡോളറിന് ലഭിക്കുമെന്ന അറിയിപ്പ് വന്നതോടെ ആളുകൾ തലേദിവസംതന്നെ സ്റ്റോറുകൾക്ക് മുന്നിൽ സ്‌ഥാനം പിടിച്ചു. എട്ട് മോഡലുകളാണ് കമ്പനി വിപണിയിലെത്തിച്ചത്. ഇതിൽ ഒരെണ്ണം മാത്രമാണ് ഒരാൾക്ക് വാങ്ങാൻ കഴിയുക. ഓൺലൈൻ വഴി പ്രചാരണം കൊടുത്തെങ്കിലും ഓഫ്ലൈനായി സ്റ്റോറുകളിലൂടെ മാത്രമേ വിറ്റിരുന്നുള്ളൂ. ആഴ്‌ചകളോളം നീണ്ടുനിന്ന ക്യാംപെയ്നിലൂടെ ഹൈപ്പുണ്ടാക്കാൻ ബ്രാൻഡിന് കഴിഞ്ഞെങ്കിലും തിരക്ക് വർധിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു.

തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ബെംഗളൂരു, മുംബൈ, ഡൽഹി, ദുബായ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാച്ചിന്റെ വിൽപന മണിക്കൂറുകളോളം തടസ്സപ്പെട്ടു. പലയിടങ്ങളിലും പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. ചില സ്‌റ്റോറുകൾ സുരക്ഷാ കാരണങ്ങളാൽ അടച്ചിടേണ്ടി വന്നു. മണിക്കൂറുകൾ കാത്തുനിന്ന ശേഷം വാച്ച് കിട്ടാതെ മടങ്ങിയവരും ഏറെ. ഇന്ത്യയിലെ വിൽപന സ്വാച്ചിന് ഔദ്യോഗികമായി നീട്ടിവയ്ക്കേണ്ടിയും വന്നു. ‘ഉപഭോക്ത‌ാക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് റോയൽ പോപ്പിൻ്റെ ലോഞ്ച് നീട്ടിവയ്ക്കുന്നു’ – എന്നൊരു അറിയിപ്പും നൽകി.

മതിയായ മുന്നൊരുക്കങ്ങളില്ലാതെയാണ് ബ്രാൻഡ് ഇത്തരമൊരു വിൽപനയ്ക്ക് തയാറായതെന്ന വിമർശനവും പല കോണിൽ നിന്നുമുയർന്നു. എന്നാൽ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നെന്നാണ് സ്വാച്ചിന്റെ വിശദീകരണം. ലോകത്തെ 220 സ്‌റ്റോറുകളിലാണ് ലോഞ്ച് നിശ്ചയിച്ചിരുന്നത്. ഇതിൽ 20 എണ്ണത്തിൽ മാത്രമാണ് തടസ്സങ്ങൾ നേരിട്ടത്. റോയൽ പോപ്പ് വാച്ചുകൾ സ്‌റ്റോറുകളിൽ കൂടുതൽ കാലത്തേക്ക് ലഭ്യമാകുമെന്നും സ്വാച്ച് പറയുന്നു.

വാച്ച് വാങ്ങാൻ തിരക്കുകൂട്ടിയതിൽ കൂടുതൽ പേരും ഇതിൻ്റെ ആരാധകർ ആയിരുന്നെങ്കിലും അവസരം മുതലാക്കി പണമുണ്ടാക്കിയവരും ഏറെയാണ്. 400 ഡോളറിന് വാങ്ങിയ വാച്ച് ഓൺലൈൻ വിപണികളിൽ ഇരട്ടി വില നൽകി വാങ്ങാനും ആളുണ്ടായിരുന്നു. 1000 ഡോളർ വരെ വില ലഭിച്ചവരുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ചില ഓൺലൈൻ സൈറ്റുകളിൽ 6000 ഡോളർ വരെ വാച്ചിന് വില ലഭിച്ചെന്നും വിവരമുണ്ട്. റോയൽ പോപ്പ് കകക്‌ഷനിലെ എട്ട് വാച്ചുകളുടെ ഒരു സെറ്റിന് ‘‌സ്റ്റോക്ക് എക്സ്’ എന്ന റീസെയിൽ പ്ലാറ്റ്ഫോമിൽ 25,000 ഡോളറായിരുന്നു വില.

എന്താണ് ഡ്രോപ് കൾച്ചർ

കുറഞ്ഞ സമയത്തേക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ ബ്രാൻഡുകൾ അവരുടെ ലിമിറ്റഡ് എഡിഷൻ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന മാർക്കറ്റിങ് തന്ത്രമാണ് ഡ്രോപ് കൾച്ചർ. ഉപഭോക്താക്കൾക്കിടയിൽ ഉണ്ടാകുന്ന ‘ഹൈപ്പ്’ മുതലെടുത്ത് ബ്രാൻഡുകൾക്ക് കുടുതൽ വിൽപന നേടാനാകുമെന്നതാണ് പ്രത്യേകത. മറ്റ് ബ്രാൻഡുകളുമായി സഹകരിച്ചും കമ്പനികൾ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാറുണ്ട്. തൊണ്ണൂറുകളിൽ ജാപ്പനീസ് സ്ട്രീറ്റ്‌വെയർ ബ്രാൻഡായ ഗുഡ്ഇനഫ് ആണ് ആദ്യമായി ഡ്രോപ് മാർക്കറ്റിങ് രീതി പരീക്ഷിച്ചത്. പിന്നീട് ഈ ട്രെൻഡ് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പടർന്നു. ലബുബു പാവകളും നൈക്കി ട്രെയിനേഴ്‌സ് ഷുവുമൊക്കെ ഹിറ്റായതിന് പിന്നിലും ‘ഡ്രോപ്പിൻ്’ പിന്തുണയുണ്ട്. സഊദിയിലെ വൈറൽ വീഡിയോ കാണാനായി ഇവിടെ ക്ലിക് ചെയ്യുക

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version