‘വിജയ് സര്‍ക്കാരിന്‍റെ ആയുസ് നാലുമാസം കൂടി’; പ്രവചനവുമായി ഡിഎംകെ എംഎല്‍എ

1 Min Read

തമിഴ്നാട്ടില്‍ വിജയ്​യുടെ ടിവികെ സര്‍ക്കാര്‍ ആറുമാസം തികയ്ക്കില്ലെന്ന് മുതിര്‍ന്ന ഡിഎംകെ നേതാവും തിരുച്ചെന്ദുര്‍ എംഎല്‍എയുമായ അനിത രാധാകൃഷ്ണന്‍. ആറാം മാസം സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തിരികെ വരുമെന്നും രാധാകൃഷ്ണന്‍.

തെക്കന്‍ തമിഴ്നാട്ടില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് ഡിഎംകെ നേതാവിന്‍റെ പ്രവചനം. വില്ലിവാക്കം സീറ്റില്‍ ജയിച്ച ആദവ് അര്‍ജുന, ധൈര്യമുണ്ടെങ്കില്‍ അത് രാജിവച്ച് തിരുച്ചെന്ദുരില്‍ നിന്ന് മല്‍സരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

‘ഭരണം നാലുമാസം നീണ്ടാലായി, ആറുമാസം തികയും മുന്‍പ് ഈ സര്‍ക്കാര്‍ താഴെ വീഴും. ഈ ആദവ് അര്‍ജുനയ്ക്ക് ധൈര്യമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവച്ചിട്ട് തിരുച്ചെന്ദുരില്‍ വാ. ഇത് ഞങ്ങളുടെ നാടാണ്. ആരു വന്നാലും തോല്‍പ്പിക്കും’ എന്നായിരുന്നു അനിത രാധാകൃഷ്ണന്‍റെ വെല്ലുവിളി. 

72,723 വോട്ടുകള്‍ക്കാണ് അനിത ഇക്കുറി തിരുച്ചെന്ദുരില്‍ നിന്ന് ജയിച്ചത്. കാല്‍നൂറ്റാണ്ടായി അനിത രാധാകൃഷ്ണന്‍റെ തട്ടകമാണ് തിരുച്ചെന്ദുര്‍.2001 ല്‍ അണ്ണാ ഡിഎംകെയ്ക്ക് വേണ്ടിയാണ് രാധാകൃഷ്ണന്‍ ഇവിടെ നിന്നും ആദ്യമായി മല്‍സരിച്ചത്. പിന്നീട് ഡിഎംകെയില്‍ ചേര്‍ന്നു. 2009 മുതല്‍ ഡിഎംകെയുടെ എംഎല്‍എയാണ്. തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ തോറ്റപ്പോഴും രാധാകൃഷ്ണന്‍ തലൈവര്‍ക്കൊപ്പം നിന്നു. സ്റ്റാലിന്‍റെ മുന്‍ അനുയായി വി.എസ്.ബാബുവാണ് കൊളത്തൂരില്‍ നിന്ന് ജയിച്ചത്.

സ്റ്റാലിനെ ട്രിച്ചിയില്‍ മല്‍സരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും സിംഗപ്പുര്‍ പോലെ കൊളത്തൂരിനെ ആക്കിയത് സ്റ്റാലിനാണെന്നും ആ സ്റ്റാലിനെ തോല്‍പ്പിച്ച ജനങ്ങള്‍ ഒന്നിനും കൊള്ളാത്ത കെട്ട മനുഷ്യര്‍ ആണെന്നുമായിരുന്നു അദ്ദേഹം നേരത്തെ പറ‌‍ഞ്ഞത്. അതേസമയം, ഡിഎംകെ എംഎല്‍എയുടെ വെല്ലുവിളിയോട് ആദവ് അര്‍ജുനയോ, ടിവികെയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തമിഴ്നാടിന്‍റെ ചരിത്രത്തിലേക്കാണ് വമ്പന്‍ തിരഞ്ഞെടുപ്പ് വിജയത്തോടെ വിജയ് നടന്നുകയറിയത്. 234 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തില്‍ ടിവികെ 108 സീറ്റുകള്‍ നേടി. കേവല ഭൂരിപക്ഷത്തിന് 10  സീറ്റുകള്‍ മാത്രമായിരുന്നു കുറവ്. 62 വര്‍ഷം നീണ്ട ദ്രാവിഡ പാര്‍ട്ടികളുടെ ഭരണത്തിനാണ് ഇതോടെ അന്ത്യമായത്. പത്തുദിവസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസിന്‍റെയും വിസികെയുടെയും ഇടതുപാര്‍ട്ടികളുടെയും ലീഗിന്‍റെയും പിന്തുണയോടെ വിജയ് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version