വിജയിനോട് അസൂയയില്ല, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച സൗഹൃദം മാത്രം: രജനീകാന്ത്

1 Min Read

ചെന്നൈ: നടൻ വിജയിനോട് അസൂയില്ലെന്നും മുൻ മുഖ്യമന്ത്രി സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദർശനം മാത്രമായിരുന്നെന്നും സൂപ്പർതാരം രജനീകാന്ത്. പോയസ് ഗാർഡനിലെ വസതിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയിന്റെ മുഖ്യമന്ത്രി മോഹങ്ങൾക്കു തടയിടാനോ പാർട്ടികൾ ലയിപ്പിക്കാനോ ഉള്ള ശ്രമമായിരുന്നില്ല സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയെന്ന് ചില റിപ്പോർട്ടുകളോട് പ്രതികരിച്ച് രജനി വ്യക്തമാക്കി.

തമിഴക വെട്രി കഴകം സ്ഥാപകനും മുഖ്യമന്ത്രിയുമായ വിജയിനോടു തനിക്ക് അസൂയയില്ലെന്ന് രജനി പറഞ്ഞു. താനും വിജയ്‌യും തമ്മിൽ 25 വർഷത്തെ തലമുറ വ്യത്യാസമുണ്ടെന്നും ചെറുപ്പത്തിൽ തന്നെ ഇതിഹാസങ്ങളായ എംജിആറിനെക്കാളും എൻടിആറിനെക്കാളും മികച്ച നേട്ടങ്ങൾ വിജയ് സ്വന്തമാക്കിയെന്നും അദ്ദേഹം പ്രശംസിച്ചു.

‘‘വിജയ്‌നെ ചെറുപ്പം മുതലേ കാണുന്നതാണ്. അദ്ദേഹം മുഖ്യമന്ത്രിയായതിൽ എന്തിന് ഞാൻ അസൂയപ്പെടണം? അതും 52ാം വയസ്സിൽ എംജിആറിനെക്കാളും എൻടിആറിനെക്കാളും അദ്ദേഹം നേട്ടമുണ്ടാക്കിയിട്ടുണ്ട്. എനിക്ക് അസൂയ ഒട്ടും ഇല്ല’’ – അദ്ദേഹം പറഞ്ഞു. 

തമിഴ്, തെലുങ്ക് സിനിമകളിലെ താരങ്ങളായിരുന്ന എംജിആറും എൻടിആറും പിന്നീട് യഥാക്രമം തമിഴ്നാടിന്റെയും അന്നത്തെ ആന്ധ്രാപ്രദേശിന്റെയും മുഖ്യമന്ത്രിമാരായിരുന്നു. ദ്രാവിഡ കക്ഷികളായ ഡിഎംകെയെയും എഐഎഡിഎംകെയെയും തോൽപ്പിച്ച് 108 സീറ്റുകൾ നേടി ടിവികെ സർക്കാർ രൂപീകരിച്ച വിജയ്‌നെ അദ്ദേഹം അഭിനന്ദിച്ചു. കോൺഗ്രസ്, വിസികെ, ഇടതുപാർട്ടികൾ, മുസ്‌ലിം ലീഗ് എന്നിവയുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്. 

ആരോഗ്യകാരണങ്ങളാലാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങാതിരുന്നതെന്നും ആരാധകർക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കാമെന്നും രജനീകാന്ത് പറഞ്ഞു. മുഖ്യമന്ത്രിയായി പ്രവർത്തിച്ചു തെളിയിക്കാൻ വിജയ്‌നെ രണ്ട് വർഷം അനുവദിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version