കൊച്ചി: സ്പൈനൽ മസ്കുലാർ അട്രോഫി രോഗം ബാധിച്ച എറണാകുളം കൂത്താട്ടുകുളം സ്വദേശി ധ്രുവാൻ്റെ ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും. മൂന്നു മാസം പ്രായമുള്ള ധ്രുവാൻ്റെ ജീവൻ തിരിച്ചു പിടിക്കാൻ 16 കോടി രൂപ കണ്ടെത്തണം. മകന്‍റെ ചികിത്സക്കായി സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ് വീട്ടുകാർ.
എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ അശ്വതിയുടെയും അനന്തുവിൻ്റെയും മകനാണ് മൂന്നുവയസ്സുകാരൻ ധ്രുവാൻ. കാലുകളുടെ ചലനം കുറഞ്ഞു വന്നതോടെ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് മസ്കുലർ അട്രോഫി സ്ഥിരീകരിച്ചത്.
സ്‌പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ് ഒന്നാണ് ധ്രുവാന് ബാധിച്ചിരിക്കുന്നത്. കോലഞ്ചേരി മെഡിക്കൽ കോളേജിലെ ചികിത്സയിലാണ് രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് വിവിധ ആശുപത്രികളിൽ പരിശോധനകൾ നടത്തി.
നിലവിൽ റിസ്ഡിപ്ലാം എന്ന മരുന്നാണ് കുഞ്ഞിന് നൽകി വരുന്നത്. ചെറിയൊരു മാറ്റം പ്രകടമാണെങ്കിലും ജീൻ തെറാപ്പി ആരംഭിക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ധ്രുവാൻ്റെ ജീവൻ രക്ഷിക്കാൻ സാധ്യതയുള്ള മരുന്ന് വിദേശത്തു നിന്നുമെത്തിക്കാന്‍ 16 കോടി രൂപയാണ് കണ്ടെത്തേണ്ടത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
