യുവാവിനെ കൊടുങ്കാറ്റ് പറത്തിക്കൊണ്ടുപോയി; പറന്നത് 50 അടി ഉയരത്തില്‍, തെറിച്ചു വീണു കൈകാലുകള്‍ ഒടിഞ്ഞു

1 Min Read
ബറേയ്‌ലി: ഉത്തരേന്ത്യയില്‍ ശക്തമായ വേനല്‍മഴ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനിടയില്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ 50 അടി ഉയരത്തിലേക്ക് യുവാവിനെ കാറ്റ് പറത്തിക്കൊണ്ടു പോയി. അന്തരീക്ഷത്തില്‍ പറന്നു നടന്ന് താഴെവീണ് യുവാവിന്റെ കൈകാലുകള്‍ ഒടിഞ്ഞു. നാന്‍ഹേ മിയാന്‍ എന്നയാളാണ് ഈ അപകടത്തില്‍പ്പെട്ടത്. വീശിയടിച്ച കൊടുങ്കാറ്റില്‍ തകരഷീറ്റിനൊപ്പം പറന്നുപോകുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിലാണ് യുവാവ് പെട്ടത്. ഷീറ്റ് കാറ്റില്‍ പറന്നുപോകാതിരിക്കാന്‍ ഒരു കയറില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ കാറ്റിന്റെ വേഗതയില്‍ യുവാവും ഷീറ്റും വായുവിലേക്ക് ഉയരുകയായിരുന്നു. ടിന്‍ ഷീറ്റിനൊപ്പം ഏകദേശം 50 അടി ഉയരത്തിലേക്ക് തെറിച്ചുപോയി.
നിലത്തു വീണ നാന്‍ഹേ മിയാന്റെ കൈകള്‍ക്കും കാലുകള്‍ക്കും ഒടിവുണ്ട്. നിലവില്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ബറേലി ജില്ലയിലെ ഭാമോറ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബമിയാന ഗ്രാമത്തിലാണ് സംഭവം നടന്നത്. ‘ഞാന്‍ ഒരു 30-40 അടി ഉയരത്തിലായിരുന്നു. എവിടെയാണ് വീണതെന്ന് എനിക്കറിയില്ല. ഏകദേശം 50 അടി ദൂരേക്ക് ഞാന്‍ തെറിച്ചുപോയി” അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്കായി കയറില്‍ മുറുകെ പിടിച്ചിരുന്നെങ്കിലും കാറ്റിന്റെ ശക്തിയില്‍ അത് പൊട്ടിപ്പോവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിയില്‍ നാശം വിതച്ച ശക്തമായ കാലാവസ്ഥാ വ്യതിയാനത്തിനിടയിലാണ് ബറേലിയിലെ ഈ സംഭവം നടന്നത്.
മഴ, കൊടുങ്കാറ്റ്, മിന്നല്‍ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഓരോ മൂന്ന് മണിക്കൂര്‍ കൂടുമ്പോഴും സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടപരിഹാര വിതരണം ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയിലും ഇടിമിന്നലിലും സംസ്ഥാനത്ത് കുറഞ്ഞത് 89 പേര്‍ മരിച്ചു. 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും 87 വീടുകള്‍ തകരുകയും 114 കന്നുകാലികള്‍ ചത്തൊടുങ്ങുകയും ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version