മാതാപിതാക്കള്‍ക്കൊപ്പമെത്തിയ 12 കാരന്റെ തീക്കളി കാര്യമായി: ഓഫീസ് മുഴുവനും കത്തിനശിച്ചു, വന്‍ നാശനഷ്ടം

1 Min Read
ചൈനയിലെ നിങ്‌ബോ നഗരത്തില്‍ മാതാപിതാക്കളോടൊപ്പം ഓഫീസിലെത്തിയ പന്ത്രണ്ട് വയസ്സുകാരന്‍ കളിക്കിടെ കത്തിച്ച തീയില്‍ ഓഫീസ് പൂര്‍ണ്ണമായും നശിച്ചു. ഏപ്രില്‍ 30നായിരുന്നു സംഭവം. മാതാപിതാക്കള്‍ ജോലിത്തിരക്കിലായ സമയം ബോറടി മാറ്റാന്‍ കുട്ടി കൈവശമുണ്ടായിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് ടിഷ്യൂ പേപ്പര്‍ കത്തിച്ചതാണ് വന്‍ ദുരന്തത്തിന് കാരണമായത്.
ടിഷ്യൂ പേപ്പറില്‍ നിന്നും പടര്‍ന്ന തീപ്പൊരി നിമിഷങ്ങള്‍ക്കുള്ളില്‍ ഓഫീസിലെ ഫയലുകളിലേക്കും മേശയിലേക്കും വ്യാപിക്കുകയായിരുന്നു. ഉടന്‍ തന്നെ അഗ്‌നിശമന സേനയെ വിവരമറിയിച്ചെങ്കിലും, ഓഫീസിനുള്ളിലെ വിലപിടിപ്പുള്ള ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അപ്പോഴേക്കും പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.
ഭാഗ്യവശാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ സംഭവിച്ചില്ല. എങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പന്ത്രണ്ട് വയസ്സായിട്ടും തീ കൈകാര്യം ചെയ്യുന്നതിലെ അപകടത്തെക്കുറിച്ച് കുട്ടിക്ക് അറിവില്ലാതെ പോയതില്‍ മാതാപിതാക്കളുടെ ജാഗ്രതക്കുറവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.
കുട്ടികള്‍ക്ക് എന്തിനോടും കൗതുകമുണ്ടാകുമെന്നും എന്നാല്‍ അവര്‍ക്ക് സുരക്ഷാബോധം കുറവായിരിക്കുമെന്നും സംഭവസ്ഥലത്തെത്തിയ ഫയര്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. കുട്ടിയുമായുള്ള വൈകാരിക അടുപ്പം വര്‍ദ്ധിപ്പിക്കാന്‍ ഓഫീസില്‍ കൂടെക്കൂട്ടിയതായിരുന്നു മാതാപിതാക്കള്‍. സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമോ എന്ന കാര്യം നിലവില്‍ വ്യക്തമല്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version