തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ ന്യൂഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ.സി.വേണുഗോപാൽ. രാഹുലിന്റെ വസതിയിൽ വച്ചാണ് ഇരുവരും ചർച്ച നടത്തുന്നത്. നേരത്തെ ഔദ്യോഗിക വസതിയിൽ നിന്നും പുറത്തിറങ്ങിയ കെ.സി. വേണുഗോപാൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചില്ല.
കാറിനുള്ളിൽ ചിരിച്ചു കൊണ്ടാണ് കെ.സി. വേണുഗോപാൽ ഇരുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രാവിലെ 10.30ന്റെ വിമാനത്തിൽ തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ നേതാക്കളെ വിളിച്ച് രാഹുൽ ഗാന്ധി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ഘടക കക്ഷികളോടും അദ്ദേഹം പേര് പറഞ്ഞിട്ടില്ല. നിയമസഭാ കക്ഷി യോഗത്തിന് മുൻപ് ഡൽഹിയിൽ നിന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതാണ് പതിവ് രീതി.
എന്നാൽ ഇക്കാര്യത്തിലും അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. കക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആരെന്ന് പറയുമോ അതോ പാക്കേജ് പറയുമോ എന്ന കാര്യത്തിലും ആകാംക്ഷ തുടരുകയാണ്.
കര്‍ണാടകയിലെ മുഖ്യമന്ത്രി തീരുമാനത്തിലടക്കം ഏറെ നിർണായകമായ കെസിയുടെ ഡൽഹിയിലെ 51 ലോധി എസ്റ്റേറ്റ് എന്ന വീട് കുറച്ച് ദിവസങ്ങളായി ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. വി.ഡി. സതീശൻ രാവിലെ 7.15 ഓടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. മകൾ ഉണ്ണിമായയും സഹോദരന്റെ മകളും അദ്ദേഹത്തിനൊപ്പം കാറിലുണ്ട്. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ തുടരുകയാണ് രമേശ് ചെന്നിത്തല. അവസാന നിമിഷവും സമവായ സ്ഥാനാർഥിയായി ചെന്നിത്തലയുടെ പേര് ഹൈക്കമാൻഡ് നിർദേശിക്കുമെന്ന്ണ് അദ്ദേഹത്തിന്റെ ക്യാംപിന്റെ വിശ്വാസം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
