അവസാനലാപ്പില്‍ കെ.സി.വേണുഗോപാല്‍; ഉപതെരഞ്ഞെടുപ്പിനായി ഇരിക്കൂറിലെ സജീവ് ജോസഫിനെ രാജിവെപ്പിക്കും

1 Min Read

തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള മത്സരത്തിന്റെ അവസാന ലാപ്പില്‍ കെ.സി. വേണുഗോപാല്‍ മുന്നിലെന്നു സൂചനയെന്ന് മംഗളം ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഹൈക്കമാന്‍ഡിന്റെ തീരുമാനം ഇന്നുണ്ടായേക്കും. ഘടകകക്ഷികളുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും അഭിപ്രായം ഹൈക്കമാന്‍ഡ് തേടിയെങ്കിലും നിയമസഭാകക്ഷിയിലെ ഭൂരിപക്ഷം മുഖ്യമാനദണ്ഡമാക്കാനാണ് നീക്കം. നിയുക്ത എം.എല്‍.എമാരില്‍ ഭൂരിപക്ഷവും വേണുഗോപാലിനെ പിന്തുണയ്ക്കുന്നതായാണ് സൂചന.

കെ.പി.സി.സി. മുന്‍ അധ്യക്ഷന്മാരെയും മുതിര്‍ന്നനേതാക്കളെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതോടെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി. വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിലവിലെ അംഗം സജീവ് ജോസഫിനെ രാജിവയ്പ്പിച്ച് ഉപതെരഞ്ഞെടുപ്പ് നേരിടാനാണ് നീക്കം. സമസ്ത കാന്തപുരം വിഭാഗം വേണുഗോപാലിനു പിന്തുണയറിയിച്ച് ഹൈക്കമാന്‍ഡിന് കത്തയച്ചതും ചര്‍ച്ചകളില്‍ ഇടംപിടിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള അവസാനവട്ട ചര്‍ച്ചയ്ക്ക് ശേഷമാകും പ്രഖ്യാപനം ഉണ്ടാവുക. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല പക്ഷങ്ങളുടെ വാദങ്ങളും നിരീക്ഷകരുടെ റിപ്പോര്‍ട്ടും ഒന്നിച്ച് ചര്‍ച്ച ചെയ്താവും അന്തിമ തീരുമാനത്തിലേക്ക് എത്തുക. മൂന്ന് നേതാക്കളെയും ഘടകകക്ഷികളെയും തീരുമാനം ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനം. ഘടകകക്ഷികളോട് രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിക്കുമെന്നാണ് വിവരം.

വി ഡി സതീശനായി ഉറച്ച് നില്‍ക്കുകയാണ് മുസ്ലിം ലീഗ്. എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതികരണം. മുസ്ലിം ലീഗിന്റെ നിലപാടിന് അനുകൂലമല്ല കോണ്‍ഗ്രസിന്റെ തീരുമാനം എങ്കില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് മുസ്‌ളീംലീഗ് ഇന്ന് നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനം എടുക്കും. പൊതുവികാരം വിഡി സതീശന് അനുകൂലമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലീഗ്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് വിളിച്ച അടിയന്തര യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് പാണക്കാടാണ് ലീഗ് നേതൃയോഗം ചേരുന്നത്. പെട്ടെന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version