മണിപ്പൂരില്‍ വാഹനം തടഞ്ഞ് നിര്‍ത്തി മൂന്ന് സഭാ നേതാക്കളെ വെടിവെച്ച് കൊലപ്പെടുത്തി; അനശ്ചിതകാല പണിമുടക്കുമായി വിദ്യാര്‍ഥി സംഘടന

1 Min Read

ഇംഫാല്‍: മണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ ബുധനാഴ്ച അജ്ഞാതരായ സായുധ സംഘം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. തടു ബാപ്റ്റിസ്റ്റ് അസോസിയേഷനിലെ മൂന്ന് സഭാനേതാക്കളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

മണിപ്പൂര്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി റവ. വി സിറ്റ്ലൗ, റവ. വി കൈഗൗലുന്‍, പാസ്റ്റര്‍ പൗഗൗലെന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ പരുക്കേറ്റ റവ. എസ് എം ഹാവോപു, റവ. ഹെകായ് സിംതെ, റവ. പാവോതാങ്, ഡ്രൈവര്‍മാരായ ലെലെന്‍, ഗൗമാങ് എന്നിവര്‍ ചികിത്സയിലാണ്.

ചുരാചന്ദ്പൂരിലെ ലംകയില്‍ നടന്ന ടിബിഎ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷം രണ്ട് വാഹനങ്ങളിലായി കാങ്പോക്പിയിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. യാത്രാമധ്യേയാണ് അക്രമിസംഘം വാഹനങ്ങള്‍ തടഞ്ഞ് വെടിയുതിര്‍ത്തത്.

ഈ സംഭവത്തെത്തുടര്‍ന്ന് മണിപ്പൂരിനെ നാഗാലാന്‍ഡുമായും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ദേശീയപാത-2ല്‍ ഉടനടി ഉപരോധം ഏര്‍പ്പെടുത്തി. ഇതോടെ കാങ്പോക്പിയിലും സമീപത്തെ കുക്കി-സോ ജനവിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകളിലും സംഘര്‍ഷാവസ്ഥ പടര്‍ന്നു.

അതേസമയം, ടിബിഎ സഭാ നേതാക്കളുടെ ക്രൂരമായ കൊലപാതകത്തെ ശക്തമായി അപലപിച്ചുകൊണ്ട് ചുരാചന്ദ്പൂര്‍ ജില്ലാ കുക്കി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12:30 മുതല്‍ അനിശ്ചിതകാല അടിയന്തര പണിമുടക്ക് പ്രഖ്യാപിച്ചു.സായുധ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെട്ടുവെന്ന് സംഘടന ആരോപിച്ചു.പണിമുടക്കുമായി പൊതുജനങ്ങളും മറ്റ് സംഘടനകളും സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version