ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചുകൊണ്ട് കോൺഗ്രസ് സർക്കാർ ഉത്തരവിറക്കി. ക്ലാസ് മുറികളിൽ ശിരോവസ്ത്രം നിരോധിച്ചുകൊണ്ട് 2022-ൽ മുൻ ബിജെപി സർക്കാർ പുറപ്പെടുവിച്ച വിവാദ ഉത്തരവാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ന് റദ്ദാക്കിയത്. ഇതോടെ വിദ്യാർഥിനികൾക്ക് അവരുടെ മതപരമായ ആചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ച് ക്ലാസുകളിലെത്താൻ അനുമതിയായി.
നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഹിജാബ് നിരോധനം എടുത്തുമാറ്റുമെന്നത്. എന്നാൽ സർക്കാർ അധികാരമേറ്റ് മൂന്ന് വർഷം തികയാറായിട്ടും നടപടി ഉണ്ടാകാത്തതിൽ മുസ്‌ലിം സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധം നിലനിന്നിരുന്നു. വരാനിരിക്കുന്ന ശനിയാഴ്ച്‌ച ബംഗളൂരുവിൽ മുസ്ലിം സംഘടനകൾ വൻ കൺവെൻഷൻ നടത്താൻ തീരുമാനിച്ചിരിക്കെയാണ് നിർണായകമായ ഈ നീക്കം.
2022 ഫെബ്രുവരിയിലാണ് ഉഡുപ്പിയിലെ സർക്കാർ കോളേജിൽ നിന്ന് തുടങ്ങിയ ഹിജാബ് തർക്കം സംസ്ഥാനമൊട്ടാകെ പടർന്നത്. മുസ്‌ലിം പെൺകുട്ടികളുടെ വസ്ത്രധാരണം യൂണിഫോം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സർക്കാർ നിരോധനം ഏർപ്പെടുത്തുകയായിരുന്നു. ഇതിനെതിരെയുള്ള ഹരജികൾ പരിഗണിക്കവേ, ഹിജാബ് ഇസ്ലാമിലെ അനിവാര്യമായ ആചാരമല്ലെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പിന്നീട് സുപ്രിം കോടതിയിൽ എത്തിയ കേസിൽ ജഡ്‌ജിമാർ ഭിന്നവിധി പുറപ്പെടുവിച്ചതോടെ നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്.
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ച് കർണാടക സ്റ്റേറ്റ് മുസ്‌ലിം ഫെഡറേഷൻ ശനിയാഴ്‌ച ടൗൺ ഹാളിൽ കൺവെൻഷൻ സംഘടിപ്പിക്കുന്നുണ്ട്. മുസ്ലിം സംവരണം, സ്കോളർഷിപ്പ്, വിദ്വേഷ പ്രസംഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ കൺവെൻഷനിൽ ചർച്ചയാകും. രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കി നടത്തുന്ന ഈ സമ്മേളനത്തിന് തൊട്ടുമുൻപ് ഹിജാബ് നിരോധനം പിൻവലിച്ചത് രാഷ്ട്രീയമായ മുൻകൂർ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ദക്ഷിണ ദാവണഗെരെ ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം സ്ഥാനാർഥിയെ പരിഗണിക്കാത്തതും, മുസ്ലിം എം.എൽ.സിമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതും പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
