റിയാദ്: ഹജ്ജിന് ശേഷം വരാനിരിക്കുന്ന പുതിയ ഉംറ സീസണിലേക്കുള്ള നടപടികൾ സഊദി അറേബ്യ തുടങ്ങി. ഉംറ വിസ അപേക്ഷകൾ ദുൽഹജ്ജ് 14 (മെയ് 31) മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. തൊട്ടടുത്ത ദിവസം, അതായത് ദുൽഹജ്ജ് 15 (ജൂൺ 1) മുതൽ ‘നുസുക്’ ആപ്പ് വഴി ഉംറ പെർമിറ്റുകളും ലഭിച്ചു തുടങ്ങും. ഹജ് തീർഥാടനത്തിന് 2 ആഴ്ച ശേഷിക്കെയാണ് പുതിയ ഉംറ സീസണിനായുള്ള ഒരുക്കങ്ങൾക്ക് സഊദി ഹജ്-ഉംറ മന്ത്രാലയം തുടക്കമിട്ടത്.
പുതിയ സീസണിന് മുന്നോടിയായി വിദേശ ഏജന്റുമാരുടെ കരാർ നടപടികൾ മന്ത്രാലയം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ‘നുസുക് മസാർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് കരാറുകൾ പുതുക്കേണ്ടത്. തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി കരാർ നടപടികൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കി മാറ്റിയിട്ടുണ്ട്. ഉംറ കമ്പനികളും വിദേശ ഏജന്റുമാരും തമ്മിലുള്ള കരാറുകൾ ഡിജിറ്റൈസ് ചെയ്തതിനാൽ തട്ടിപ്പുകൾ കുറയും.
അംഗീകൃത കരാറുകളിൽ ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തിയതോടെ തീർഥാടകർക്ക് സേവനദാതാക്കളുടെ ആധികാരികത ഉറപ്പാക്കാം. കരാർ നടപടികൾ ഓട്ടമേറ്റഡ് ആക്കിയതോടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സാധിക്കും.
കഴിഞ്ഞ റമദാൻ മുതൽ തന്നെ പുതിയ സീസണായുള്ള തയ്യാറെടുപ്പുകൾ മന്ത്രാലയം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി 5000-ത്തിലധികം കരാറുകൾ ഇതിനോടകം ഒപ്പിട്ടു കഴിഞ്ഞു. തീർത്ഥാടകർക്ക് യാതൊരു തടസ്സവുമില്ലാതെ ഉംറ നിർവഹിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് ഈ പുതിയ പരിഷ്കാരങ്ങളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. തീർഥാടകർക്ക് മികച്ച അനുഭവം നൽകുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ വഴി സേവനങ്ങൾ ലളിതമാക്കാനുമുള്ള സഊദി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം.
2030 ആകുമ്പോഴേക്കും സഊദി വിഷൻ പ്രകാരം പ്രതിവർഷം 30 ദശലക്ഷം അന്താരാഷ്ട്ര ഉംറ തീർത്ഥാടകരെ ഉൾക്കൊള്ളുക എന്നതാണ് സഊദിയുടെ പ്രാഥമിക ലക്ഷ്യം. വാർഷിക ലക്ഷ്യം മറികടക്കുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. 2025 ൽ അന്താരാഷ്ട്ര ഉംറ വരവ് ഏകദേശം 18.03 ദശലക്ഷത്തിലെത്തി, ഇത് വാർഷിക ലക്ഷ്യമായ 15 ദശലക്ഷത്തെ മറികടക്കുന്നതാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
