വിവാഹ വാഗ്ദാനം നൽകി 9.35 കോടിയുടെ തട്ടിപ്പ്, ഹണിട്രാപ്പ് ഭീഷണി; നടിക്കെതിരെ കേസ്

0
11

ഹൈദരാബാദ്: തെലുങ്ക് നടിയിം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വെങ്കിട്ട അശ്വിനി റെഡ്ഡി (അഷു റെഡ്ഡി) ലണ്ടൻ മലയാളിയും സോഫ്റ്റ്‌വെയർ എൻ‌ജിനീയറുമായ വൈ.വി. ധർമ്മേന്ദ്രയേയും 9.35 കോടി രൂപ കബളിപ്പിച്ചതായി പരാതി.

സംഭവത്തിൽ അഷു റെഡ്ഡിക്കെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷൻ പൊലീസ് കേസെടുത്തു. ധർമ്മേന്ദ്രയുടെ പിതാവ് യെനുമുല സത്യനാരായണ മൂർത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. 2018 മുതൽ 2025 വരെയുള്ള കാലയളവിൽ ആസൂത്രിതമായ ഹണിട്രാപ്പിലൂടെ പണവും സ്വത്തുക്കളും തട്ടിയെടുത്തു എന്നാണ് ആരോപണം.

2018ൽ ഇന്ത്യയിൽ വച്ചാണ് ധർമ്മേന്ദ്ര അഷു റെഡ്ഡിയെ പരിചയപ്പെടുന്നത്. താൻ അമേരിക്കയിൽ നിന്ന് മാസ്റ്റേഴ്സ് കഴിഞ്ഞതാണെന്നും സിനിമയിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് നടി ബന്ധം സ്ഥാപിച്ചത്. വൈകാതെ ഇത് പ്രണയമായി മാറി. ധർമ്മേന്ദ്രയുടെ വിവാഹമോചന നടപടികൾ നടക്കുകയാണെന്ന് അറിഞ്ഞിട്ടും, അത് തങ്ങളുടെ ജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പുനൽകി നടി വിവാഹവാഗ്ദാനം നൽകുകയായിരുന്നു.

സാമ്പത്തിക ചൂഷണം
തനിക്ക് എച്ച് വൺ ബി വീസ പ്രശ്നങ്ങളുണ്ടെന്നും വീട്ടുകാർ സാമ്പത്തികമായി സഹായിക്കുന്നില്ലെന്നും പറഞ്ഞ് നടി ധർമ്മേന്ദ്രയിൽ നിന്ന് പണം വാങ്ങിത്തുടങ്ങി. തുടക്കത്തിൽ ചെറിയ ആവശ്യങ്ങൾക്കായിരുന്നെങ്കിൽ പിന്നീട് ആഡംബര കാറുകൾക്കും സ്വർണത്തിനും വസ്തുവകകൾക്കുമായി വലിയ തുകകൾ ആവശ്യപ്പെട്ടു. വിവാഹത്തിനു നടിയുടെ വീട്ടുകാരുടെ സമ്മതം വാങ്ങാനെന്ന പേരിൽ വർഷങ്ങളോളം ധർമ്മേന്ദ്ര പണം നൽകിക്കൊണ്ടിരുന്നു. ലങ്കോ ഹിൽസിനു സമീപമുള്ള അർക്ക മണികോണ്ടയിൽ ധർമ്മേന്ദ്ര 3 കോടി രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ്, അദ്ദേഹം ലണ്ടനിലായിരുന്ന സമയത്ത് അഷു റെഡ്ഡി സ്വന്തം പേരിൽ റജിസ്റ്റർ ചെയ്തതായും പരാതിയിൽ പറയുന്നു

കുടുംബാംഗങ്ങളുടെ പങ്ക്
അഷു റെഡ്ഡിയുടെ പിതാവ് വെങ്കിട്ട കൃഷ്ണ കൊയ്യ, മാതാവ് കൊയ്യ യശോദ റെഡ്ഡി, സഹോദരി കൊയ്യ വെങ്കിട്ട ദിവ്യ റെഡ്ഡി എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായപ്പോഴെല്ലാം നടിയുടെ അമ്മയും സഹോദരിയും ഇടപെട്ട് ധർമ്മേന്ദ്രയെ അനുനയിപ്പിക്കുകയും സാമ്പത്തിക ഇടപാടുകൾ തുടരാൻ പ്രേരിപ്പിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു.

നടി മറ്റൊരു വ്യക്തിയുമായി ബന്ധം പുലർത്തിയിരുന്നതായും പരാതിക്കാരൻ ആരോപിക്കുന്നു. നൽകിയ പണവും സ്വത്തുക്കളും തിരികെ ചോദിച്ചപ്പോൾ, ലൈംഗിക പീഡനക്കേസിൽ കുടുക്കുമെന്ന് നടി ഭീഷണിപ്പെടുത്തിയതായും ധർമ്മേന്ദ്ര ആരോപിച്ചു. നടി ഹേമയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ 70 ലക്ഷം രൂപ തിരികെ നൽകാമെന്ന് അഷു റെഡ്ഡി സമ്മതിച്ചിരുന്നെങ്കിലും പിന്നീട് അത് ലംഘിക്കപ്പെട്ടു. പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാണ്.