പശ്ചിമബംഗാളില്‍ വ്യാപക അക്രമം; ബിജെപി – തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, പോലീസ് ലാത്തിവീശി

0
11

ദില്ലി: രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കേ പശ്ചിമബംഗാളില്‍ വ്യാപക അക്രമം. ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും ഏറ്റുമുട്ടി.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ബംഗാളിലെ നാരി ശക്തി വരുന്ന നാലിന് മമത ബാനര്‍ജിയെ പുറത്താക്കുമെന്ന് ബംഗാളില്‍ പ്രചാരണം നടത്തുന്ന പ്രധാനമന്ത്രി പറഞ്ഞു.

ഹൗറയിലും ഭവാനിപ്പൂരിലും മുര്‍ഷിദാബാദിലുമാണ് പരസ്പരം മുദ്രാവാക്യം വിളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഇരു വിഭാഗങ്ങളിലുമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റോഡ് ഷോ നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം.

ജയ് ബംഗള മുദ്രാവാക്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജയ് ശ്രീറാം വിളികളോടെ ബിജെപി പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടി. ഭവാനിപ്പൂരിലെ സംഘര്‍ഷം കണക്കിലെടുത്ത് മമത ബാനര്‍ജി റോഡ് ഷോ പകുതി വച്ച് അവസാനിപ്പിച്ചു.

ബിജെപി പ്രചാരണത്തിന്‍റെ ശബ്ദം അധികരിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രസംഗിക്കുന്നതിനിടെ മമത ബാനര്‍ജി വേദിയില്‍ നിന്ന് ഇറങ്ങിപോയിരുന്നു. മമത തോല്‍വി സമ്മതിച്ചുകഴിഞ്ഞെന്ന് പരിഹസിച്ച പ്രധാനമന്ത്രി എല്ലാത്തവണത്തെയും വോട്ട് ബാങ്കായ സ്ത്രീകള്‍ തന്നെ മമതയെ പുറത്താക്കാന്‍ തീരുമാനിച്ചു കഴിഞ്ഞെന്ന് വിമര്‍ശിച്ചു.

പതിവില്ലാത്ത വിധം കോണ്‍ഗ്രസ് തൃണമൂല്‍ പോരും ബംഗാളില്‍ രൂക്ഷമാകുകയാണ്. അസന്‍സോളില്‍ ദേബ് ദീബ് ചാറ്റര്‍ജിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് പരസ്യമായി ആരോപിച്ച് രാഹുല്‍ ഗാന്ധി തന്നെ രംഗത്തെത്തി. തൃണമൂല്‍ ഭീകരതയാണ് ബംഗാളില്‍ കാണാനാകുന്നത്.

ഭയപ്പെടുത്തിയും ആക്രമിച്ചും ഇല്ലായ്മ ചെയ്തും തൃണമൂല്‍ ജനാധിപത്യം അട്ടിമറിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണെമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനെ കൊണ്ട് കഴിയില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് മുമ്പിൽ തൃണമൂല്‍ നേതാക്കള്‍ നില്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പട്ടിക്ക് ബിസ്ക്കറ്റ് കൊടുക്കുകയായിരുന്നുവെന്ന തൃണമൂല്‍ വിമര്‍ശനം കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു.